മത സ്വാതന്ത്യത്തിൻ്റെ കാര്യത്തിൽ ഇന്ത്യ പിന്നിലെന്ന് അമേരിക്ക: അതുപറയാൻ എന്ത് അധികാരമെന്ന് ഇന്ത്യയുടെ മറുപടി

single-img
24 June 2019

ഇന്ത്യയിൽ മത ന്യൂനപക്ഷങ്ങൾക്കെതിരെ ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ ആക്രമണം ശക്തമാണെന്ന അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിലെ പരാമർശത്തിനെതിരെ ഇന്ത്യ രംഗത്ത്. ഇന്ത്യ ഇവിടുത്തെ പൗരന്മാർക്ക്, രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന വിധത്തിലുള്ള സംരക്ഷണം നൽകുന്നത് സംബന്ധിച്ച് പ്രസ്താവന നടത്താൻ ഒരു വിദേശരാജ്യത്തിനും അധികാരമില്ലെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ റിപ്പോർട്ടിനോട് പ്രതികരിച്ചു.

”അന്താരാഷ്ട്ര മതസ്വാതന്ത്ര്യം 2018″ എന്ന വിഷയത്തിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇന്ത്യയെപ്പറ്റി പരാമർശമുള്ളത്. ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തുന്ന പശുസംരക്ഷകരുടെ ആക്രമണം ചെറുക്കാൻ അധികാരികൾ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് അമേരിക്ക റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നത്. ന്യൂനപക്ഷ, മുസ്ലിം മതാചാരങ്ങൾക്കുള്ള നിയന്ത്രണങ്ങൾ, കേന്ദ്രമന്ത്രിമാരുൾപ്പെടെ ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങൾ, വർഗീയ കലാപങ്ങൾ തുടങ്ങിയവയെല്ലാം ചൂണ്ടിക്കാട്ടിയാണ് മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യ പിറകിലാണെന്ന് റിപ്പോർട്ടിൽ സമർത്ഥിക്കുന്നത്.

മതേതര പാരമ്പര്യത്തിലും ഏറ്റവും വലിയ ജനാധിപത്യം, വൈവിദ്ധ്യമാർന്ന സമൂഹം എന്നീ നിലകളിലും അഭിമാനം കൊള്ളുന്ന രാജ്യമാണ് ഇന്ത്യയെന്നും ഇന്ത്യൻ ഭരണഘടന, രാജ്യത്തെ എല്ലാവിഭാഗം ജനങ്ങൾക്കും മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്നുണ്ടെന്നും രവീഷ് കുമാർ പറഞ്ഞു. ഇന്ത്യയെക്കുറിച്ചുള്ള അമേരിക്കയുടെ റിപ്പോർട്ട് മുൻവിധിയോടുകൂടിയുള്ളതാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി രവീഷ്‌കുമാർ രംഗത്തുവന്നത്.