മോദി മികച്ച കച്ചവടക്കാരന്‍; കോണ്‍ഗ്രസിന് സ്വന്തം ഉല്‍പന്നം മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയാതിരുന്നത് പരാജയ കാരണം: അധിര്‍ രഞ്ജന്‍ ചൗധരി

single-img
24 June 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച കച്ചവടക്കാരന്‍ ആണെന്നും കോണ്‍ഗ്രസിന് സ്വന്തം ഉല്‍പന്നം മാര്‍ക്കറ്റ് ചെയ്യാനാകാത്തതാണ് തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ കാരണമെന്നും കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ലോക്സഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ചൗധരിയുടെ പരാമര്‍ശം. എന്നാല്‍ ചൗധരിയുടെ ചില പരാമര്‍ശങ്ങള്‍ സ്പീക്കര്‍ നീക്കം ചെയ്തു.

ബിഹാറില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന ശിശുമരണത്തിലും രാജ്യം നേരിടുന്ന വരള്‍ച്ചയിലും കേന്ദ്ര സര്‍ക്കാറിന് താല്‍പര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആദ്യമായി കേന്ദ്ര മന്ത്രിയായ പ്രതാപ് സിംഗ് സാരംഗിയുടെ മോദി ഭക്തി പരിധിവിടുന്നതായും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് ഉണ്ടാകുന്ന ദുരന്തങ്ങള്‍ ഇല്ലാതാക്കാന്‍ ബിജെപി എംപിമാര്‍ ഒന്നും ചെയ്യുന്നില്ല. ഇവിടുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും മോദി പരിഹാരം കാണുമെന്നാണ് ബിജെപി എംപിമാരുടെ ധാരണയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലെ രണ്ടാം യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ തുടരുക മാത്രമാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുന്‍ യുപിഎ സര്‍ക്കാര്‍ കാലത്ത് വിവാദമായ 2ജി സ്പെക്ട്രം, കല്‍ക്കരി കേസുകളില്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജയിലിലാണ് കിടക്കേണ്ടതെന്നും എന്നാല്‍, അവര്‍ ഇപ്പോള്‍ പാര്‍ലമെന്‍റിലാണ് ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.