അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക്; മോദിയുമായി കൂടിക്കാഴ്ച നടത്തി

single-img
24 June 2019

കോണ്‍ഗ്രസില്‍ നിന്നും സിപിഐ.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി ദല്‍ഹിയില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയില്‍ ചേരാന്‍ മോദി തന്നോട് ആവശ്യപ്പെട്ടെന്ന് അബ്ദുള്ളക്കുട്ടി  അറിയിച്ചു. ഇനി ദല്‍ഹി ബി.ജെ.പി ആസ്ഥാനത്ത് അബ്ദുള്ളക്കുട്ടിയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയേക്കുമെന്നാണ് സൂചനകൾ.

കഴിഞ്ഞ ദിവസം ദുബായ് സബീല്‍ പാര്‍ക്കീല്‍ യോഗാ ദിന പരിപാടിയില്‍ നരേന്ദ്രമോദിയുടെ ടീഷര്‍ട്ട് അണിഞ്ഞ് അബ്ദുള്ളക്കുട്ടി എത്തിയിരുന്നു. അബ്ദുള്ളക്കുട്ടി താത്പര്യപ്പെടുകയാണെങ്കില്‍ ബി.ജെ.പിയില്‍ അംഗത്വം കൊടുക്കുമെന്ന് സംസ്ഥാന നേതൃത്വവും പറഞ്ഞിരുന്നു.

കോണ്‍ഗ്രസില്‍ നിന്നും പുറത്തായതിനു പിന്നാലെ മംഗളൂരുവിലേക്ക് അബ്ദുള്ളക്കുട്ടി താമസം മാറിയിരുന്നു. ഇത് കര്‍ണാടകയിലെ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍. ഇക്കാര്യം കെ.പി.സി.സി നേതൃത്വത്തെ കണ്ണൂരിലെ കോണ്‍ഗ്രസ് അറിയിച്ചിരുന്നു.

കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി ഉടക്കി നില്‍ക്കുന്ന ആര്‍. റോഷന്‍ ബെയ്ഗ് ബി.ജെ.പിയില്‍ ചേരുകയാണെങ്കില്‍ ഒപ്പം ചേരാനാണ് അബ്ദുള്ളക്കുട്ടിയുടെ ആലോചനയെന്നാണ് അറിയുന്നത്.