തിരുവനന്തപുരത്ത് പോലീസുകാരുടെ കൂട്ടത്തല്ല്: 8 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

single-img
23 June 2019


പോലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായതുമായി ബന്ധപ്പെട്ട് എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. 14 പേര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിയെടുത്തിട്ടുണ്ട്. സംഘര്‍ഷം പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. സസ്‌പെന്‍ഷനിലായവരില്‍ രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും.

തിരുവനന്തപുരം പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് ശേഷം സഹകരണ സംഘം ഓഫിസിന് മുന്നില്‍ ഒരു വിഭാഗം പൊലീസുകാര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇത് കടുത്ത അച്ചടക്കലംഘനമാണെന്നാണ് സിറ്റി പൊലീസ് കമീഷണര്‍ റിപോര്‍ട്ട് നല്‍കിയത്.

സംഘര്‍ഷത്തെ കുറിച്ചുള്ള അന്വേഷണ റിപോര്‍ട്ട് ഇന്നലെ അധികൃതര്‍ക്ക് കൈമാറിയിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനമുണ്ടായത്. കമ്മീഷണറുടെ കീഴിലുള്ള എട്ട് പൊലീസ് ഉദ്യാഗസ്ഥരെയാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തത്. പൊലീസ് അസോസിയേഷന്‍ മുന്‍ ജില്ല സെക്രട്ടറി ബി.ആര്‍. അജിത് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സസ്‌പെന്‍ഷന്‍. മറ്റുള്ളവര്‍ക്കെതിരെയും തുടര്‍നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്.