ആദിവാസി കോളനിയില്‍ പ്രവർത്തിക്കുന്ന സ്‌കൂൾ മാനേജർ പൂട്ടി; പിടിഎ ഏറ്റെടുത്ത് തുറന്നപ്പോള്‍ മാനേജര്‍ സ്കൂള്‍ മുറ്റത്ത് വാഴ നടാന്‍ കുഴി കുത്തി

single-img
23 June 2019

കോടതിയെ സമീപിച്ച് മാനേജര്‍ അടച്ചുപൂട്ടിയ സ്കൂള്‍ പിടിഎ ഏറ്റെടുത്ത് നടത്തിയപ്പോള്‍ സ്കൂൾമുറ്റത്ത് വാഴ കൃഷി ചെയ്യാന്‍ കുഴിയെടുത്ത് മാനേജരുടെ പ്രതിഷേധം. എറണാകുളം ജില്ലയിലെ കാരൂര്‍ ആദിവാസി കോളനിയില്‍ കഴിഞ്ഞ 32 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പിറവം കാരൂർ സെന്‍റ് ഗ്രിഗോറിയസ് യുപി സ്കൂളിലാണ് സംഭവം. സ്കൂള്‍ പൂട്ടുന്നതിന് ഹൈക്കോടതി അനുമതി തന്നതോടെ തനിക്കിഷ്ടമുള്ളത് ചെയ്യാന്‍ സ്വാതന്ത്രമുണ്ടെന്നാണ് മാനേജരുടെ വാദം.

യുപി വിഭാഗത്തിലെ 5,6,7 ക്ലാസുകള്‍ മാത്രമുള്ള ഗ്രിഗോറിയസില്‍ നിലവില്‍ പത്ത് വിദ്യാര്‍ത്ഥികളാണ് ഉള്ളത്. ഇവര്‍ക്കായി മൂന്ന് അധ്യാപകരും സ്കൂളിലുണ്ട്. തുടര്‍ന്ന് മുന്നോട്ട് നടത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി മാനേജര്‍ എം യു പൗലോസ് സ്കൂള്‍ പൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു. മാനേജരുടെ നടപടിയെ പിടിഎ എതിര്‍ത്തെങ്കിലും ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയ മാനേജര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സ്കൂളിന് മുന്നില്‍ ബോര്‍ഡും വെച്ചു.

എന്നാല്‍ പിടിഎ ഈ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞയാഴ്ച മുതല്‍ പിടിഎ മുന്‍കൈ എടുത്ത് സ്കൂളില്‍ ക്ലാസ് തുടങ്ങുകയും ചെയ്തു. ഇതോടെ സ്കൂള്‍ മാനേജര്‍ ഇന്ന് രാവിലെ ജെസിബി കൊണ്ടുവന്ന് സ്കൂള്‍ മുറ്റത്ത് വാഴ നടാന്‍ കുഴി കുത്തുകയായിരുന്നു. ഇതുകണ്ട് നാട്ടുകാര്‍ സംഘടിച്ചതോടെ മാനേജര്‍ തിരിച്ചുപോയി. സ്കൂളിലെ ബെഞ്ചും ഡെസ്കുമെല്ലാം മാനേജര്‍ ഒരു ഹാളിലിട്ട് പൂട്ടിയതിനാല്‍ നിലവില്‍ വരാന്തയിലിരുന്നാണ് കുട്ടികള്‍ പഠിക്കുന്നത്.