ഇറാന്‍ വ്യോമ മേഖലയിലൂടെയുള്ള സഞ്ചാരം സൗദി എയര്‍ലൈന്‍സും മാറ്റി; യു.എ.ഇ. വിമാനങ്ങള്‍ വഴിമാറി പറക്കല്‍ തുടരുന്നു

single-img
23 June 2019

ഗള്‍ഫ് ഒമാന്‍ ഉള്‍കടലുകള്‍ക്ക് മുകളില്‍ ഇറാന്‍ വ്യോമ മേഖലയിലൂടെയുള്ള സഞ്ചാരം സൗദി എയര്‍ലൈന്‍സും മാറ്റി. അമേരിക്കയുടെ ആളില്ലാ വിമാനം ഈ മേഖലയില്‍ ഇറാന്‍ വെടിവെച്ചു വീഴ്ത്തിയതിനെ തുടര്‍ന്നുണ്ടായ മോശം സാഹചര്യത്തെ തുടര്‍ന്നാണ് സൗദിയയും റൂട്ട് മാറ്റിയത്. യു.എസ്, യു.എ.ഇ വിമാനങ്ങള്‍ നേരത്തെ റൂട്ട് മാറ്റിയിരുന്നു.

അമേരിക്കന്‍ വിമാനം ഇറാന്‍ വെടിവെച്ചിടുമ്പോള്‍ ഇതേ വ്യോമപാതയില്‍ യാത്രാ വിമാനങ്ങളും ഉണ്ടായിരുന്നു എന്നാണ് യു.എസ് ഫെഡറല്‍ ഏവിയേഷന്‍ വെളിപ്പെടുത്തിയിരുന്നത്. ഇതേത്തുടര്‍ന്ന് സംഘര്‍ഷ സാധ്യതയുള്ള വ്യോമപാതയില്‍ നിന്ന് വിവിധ വിമാനങ്ങള്‍ മാറിപ്പറക്കുകയാണ്.

യു.എ.ഇ.യുടെ പ്രധാന വിമാനങ്ങള്‍ ശനിയാഴ്ചയും ആകാശപാതയില്‍ മാറ്റംവരുത്തിയാണ് പറന്നത്. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, ഇത്തിഹാദ്, എയര്‍ അറേബ്യ എന്നീ വിമാനങ്ങളാണ് റൂട്ട് മാറ്റിയതെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.സി.എ.എ.) അറിയിച്ചു. മുന്‍കരുതല്‍ നടപടിയെന്നോണം ചില വിമാനങ്ങളുടെ യാത്ര മാറ്റിയതായി ഫ്‌ളൈ ദുബായിയും എമിറേറ്റും അറിയിച്ചിരുന്നു.

യു.എസ്. ഡ്രോണ്‍ ഒമാനിനോട് ചേര്‍ന്ന് ഇറാന്‍ വെടിവെച്ചിട്ടതിനെതുടര്‍ന്നാണിത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി പരിശോധിച്ച് വരികയാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വിമാനങ്ങളുടെ റൂട്ട് മാറ്റിയത് പുനഃപരിശോധിക്കുകയുള്ളുവെന്നും ഫ്‌ളൈ ദുബായ് വക്താവ് അറിയിച്ചു.

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഭാഗങ്ങളിലൂടെയുള്ള വ്യോമഗതാഗതം റദ്ദാക്കിയത് കരുതല്‍ നടപടിയെന്നോണമാണെന്ന് എമിറേറ്റ്‌സ് അറിയിച്ചു. സര്‍ക്കാര്‍ വ്യോമയാന വകുപ്പുകളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും സ്ഥിതിഗതികള്‍ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. വിമാനങ്ങളുടെ പുറപ്പെടല്‍, തിരികെയെത്തല്‍ എന്നിവയുടെ സമയക്രമങ്ങളില്‍ കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. ഈ വിവരങ്ങള്‍ എമിറേറ്റ്‌സ് വെബ്‌സെറ്റില്‍ ലഭ്യമാക്കിയതായും വക്താവ് വ്യക്തമാക്കി.

ഇറാന്റെ നിയന്ത്രണത്തിലുള്ള വ്യോമമേഖലകളിലൂടെയുള്ള യാത്ര അമേരിക്കന്‍ വിമാനങ്ങള്‍ റദ്ദാക്കാന്‍ യു.എസ്. ഫെഡറല്‍ ഏവിയേഷന്‍ വകുപ്പ് അറിയിപ്പുണ്ടായിരുന്നു. അതിനാല്‍ ഈ മേഖലയിലൂടെയുള്ള ഇത്തിഹാദ് എയര്‍വേസിന്റെ യാത്രകള്‍ ഏത് വിധത്തില്‍ ആവണമെന്നത് യു.എ.ഇ. സിവില്‍ ഏവിയേഷന്‍ വകുപ്പുമായി ആലോചിക്കുകയും റൂട്ട് മാറ്റുകയുമായിരുന്നുവെന്ന് ഇത്തിഹാദ് വൃത്തങ്ങള്‍ അറിയിച്ചു.