യുഎഇയിലെ പ്രവാസികള്‍ക്ക് വിമാന കമ്പനികളുടെ ഇരുട്ടടി

single-img
23 June 2019

ഗള്‍ഫിലെ സ്‌കൂളുകളില്‍ വേനലവധി ആരംഭിക്കാനിരിക്കെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധന പ്രവാസി കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു. ദുബായില്‍ ഈ മാസം 30നും അബുദാബിയിലും വടക്കന്‍ എമിറേറ്റുകളിലും ജൂലൈ 4നും സ്‌കൂളുകള്‍ അടയ്ക്കും. ഇത് മുന്നില്‍ കണ്ടാണ് ഈ മാസം 27 മുതല്‍ ജൂലൈ 15 വരെ നിരക്ക് കൂട്ടിയത്.

നാട്ടിലേക്ക് പോയവര്‍ അവധി കഴിഞ്ഞ് തിരിച്ചുവരുന്ന ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 10 വരെയും വന്‍ നിരക്കാണ് ഈടാക്കുന്നത്. ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തിയതോടെ സീറ്റുകള്‍ കുറഞ്ഞതും നിരക്ക് വര്‍ധനയ്ക്ക് കാരണമായി. തിരക്കില്ലാത്ത സമയത്തേക്കാള്‍ ടിക്കറ്റ് നിരക്കില്‍ നാലിരട്ടിയാണ് വര്‍ധന.

സാധാരണ അവധി ആരംഭിച്ച് ഒരാഴ്ചക്ക് ശേഷം ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകാറുണ്ട്. എന്നാല്‍, ഈ വര്‍ഷം ജൂലൈ 15 വരെ ഉയര്‍ന്ന നിരക്കാണ് കാണിക്കുന്നത്. ആഗസ്റ്റ് രണ്ടാം വാരത്തില്‍ വലിയ പെരുന്നാള്‍ വരുന്നതിനാല്‍ നിരക്ക് വീണ്ടും വര്‍ധിക്കുന്ന സ്ഥിതിയാണ്.

ഇതോടെ അവധിക്കാലം നാട്ടിലെ മഴത്തണുപ്പില്‍ ചെലവഴിക്കാനാകാതെ ഗള്‍ഫിലെ ചൂടില്‍ തന്നെ അവസാനിക്കുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. സ്‌കൂള്‍ അവധിക്കാലത്ത് മാത്രമാണ് കുടുംബമൊത്ത് നാട്ടിലേക്ക് പോകാനാവുന്നത് എന്നതിനാല്‍ ആവേശത്തോടെയാണ് എല്ലാവരും രണ്ട് മാസത്തെ അവധി കാത്തിരിക്കാറുള്ളത്. എന്നാല്‍, യാത്രാചെലവ് ക്രമാതീതമായി വര്‍ധിക്കുന്നതോടെ പലരുടെയും ആവേശം കെട്ടടങ്ങുകയാണ് പതിവ്.

ദുബായില്‍നിന്ന് കൊച്ചിയിലേക്ക് ഈ മാസം 30ന് പോയി ഓഗസ്റ്റ് 31ന് തിരിച്ചുവരാന്‍ ഒരാള്‍ക്ക് 3100 (58722 രൂപ) മുതല്‍ 4500 (85241 രൂപ) ദിര്‍ഹം വരെ നല്‍കണം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് 3100 ദിര്‍ഹം, എയര്‍ അറേബ്യ 3300, സ്‌പൈസ് ജെറ്റ് 3400, എയര്‍ ഇന്ത്യ 4000, എമിറേറ്റ്‌സ് 4400, ഇത്തിഹാദ് 4500 എന്നിങ്ങനെയാണ് നിലവിലെ നിരക്ക്. ഓഫ് പീക്ക് സമയത്ത് 800 ദിര്‍ഹത്തിന് മടക്കയാത്ര ടിക്കറ്റ് ലഭിച്ചിരുന്നിടത്തു നിന്നാണ് ഇത്രയും തുക കൂട്ടിയത്.

ഇതനുസരിച്ച് 4 അംഗ കുടുംബത്തിന് നാട്ടിലേക്ക് പോയി വരണമെങ്കില്‍ കുറഞ്ഞത് രണ്ടര ലക്ഷം രൂപ മുതല്‍ മൂന്നര ലക്ഷം വരെ വേണം. തിരുവനന്തപുരം, കോഴിക്കോട് സെക്ടറിലേക്കും ഇതേ നിരക്കാണ്. അബുദാബി കണ്ണൂര്‍ യാത്രയ്ക്ക് നിരക്ക് വീണ്ടും കൂടും. ബജറ്റ് വിമാനങ്ങളില്‍ മാസങ്ങള്‍ക്കു മുന്‍പേ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നിരക്കില്‍ ഇളവുണ്ട്. പല ദിവസങ്ങളിലും നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റു കിട്ടാനില്ല. എമിറേറ്റ്‌സ്, ഇത്തിഹാദ് വിമാനങ്ങളില്‍ ചില ദിവസങ്ങളില്‍ ഇക്കോണമി ക്ലാസില്‍ ടിക്കറ്റില്ല. വന്‍ തുക നല്‍കി ബിസിനസ് ക്ലാസില്‍ ടിക്കറ്റ് എടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ് പലരും.

സാമ്പത്തികമായി നിരവധി പ്രയാസങ്ങള്‍ അനുഭവിക്കുന്ന പ്രവാസിയുടെ നടുവൊടിക്കുന്നതാണ് ഇപ്പോഴത്തെ വിമാനയാത്ര നിരക്കിലെ വര്‍ധന. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിറ്റുപോയത്ര ടിക്കറ്റുകള്‍ ഈ വര്‍ഷം വിറ്റിട്ടില്ല എന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. അതിനാല്‍, വിമാനക്കമ്പനികള്‍ അന്യായമായാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.

കേന്ദ്രസംസ്ഥാന മന്ത്രിമാരും രാഷ്ട്രീയക്കാരുമൊക്കെ ഈ കൊള്ളക്കെതിരെ വാചാലരാകുന്നുണ്ടെങ്കിലും സര്‍ക്കാറില്‍നിന്ന് ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്ന് ഉറപ്പില്ല. യാത്രക്കാര്‍ കുറയുകയും സീറ്റുകള്‍ കാലിയാവുകയും ചെയ്യുമ്പോള്‍ നിരക്കില്‍ കാര്യമായ കുറവ് വരുത്താന്‍ കമ്പനികള്‍ തയാറാകുമെന്നാണ് ടിക്കറ്റ് എടുക്കാതെ കാത്തിരിക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്.