ബിനോയ് കോടിയേരിക്കെതിരെ പുതിയ കുരുക്കായി യുവതിയുടെ പാസ്‌പോര്‍ട്ട്‌

single-img
23 June 2019

ബിനോയ് കോടിയേരിക്കെതിരെ തെളിവായി പരാതി നല്‍കിയ യുവതിയുടെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. പരാതിക്കാരിയായ യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. 2014ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടിലാണ് ബിനോയിയുടെ പേരുള്ളത്.

2004ലെ പാസ്‌പോര്‍ട്ടിന്റെ കാലാവധി തീര്‍ന്നു പുതുക്കിയപ്പോഴായിരുന്നു ബിനോയിയുടെ പേര് ഉള്‍പ്പെടുത്തിയത്. ബിനോയിക്കെതിരെ നിര്‍ണായക തെളിവാകാന്‍ പോന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പാസ്‌പോര്‍ട്ട് രേഖകള്‍. വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയാല്‍ മാത്രമേ ഇത്തരത്തില്‍ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാനാവുകയുള്ളൂ.

അല്ലെങ്കില്‍ ഏതെങ്കിലും വിധത്തിലുള്ള കൃത്രിമം കാണിക്കണം. എന്നാല്‍ യുവതിക്കെതിരെ അത്തരം പരാതികളൊന്നുമില്ല. മാത്രവുമല്ല പാസ്‌പോര്‍ട്ട് നമ്പര്‍ പരിശോധിച്ച് കൃത്രിമമൊന്നും നടത്തിയിട്ടില്ലെന്ന് പൊലീസും സ്ഥിരീകരിച്ചതാണ്. പാസ്‌പോര്‍ട്ട് നിലനില്‍ക്കുന്നതാണെന്നു തെളിഞ്ഞതോടെയാണ് ഇതു പ്രധാന തെളിവായി സ്വീകരിച്ച് ഓഷിവാര പൊലീസ് അന്വേഷണം തുടരുന്നതും. ബിനോയിയുടെ അറിവോടെ തന്നെയാണ് യുവതി പാസ്‌പോര്‍ട്ട് എടുത്തതെന്നും തെളിഞ്ഞിട്ടുണ്ട്.

ബിനോയ് തന്റെ ഭര്‍ത്താവാണെന്ന് യുവതി തന്നെ മുമ്പ് വെളിപ്പെടുത്തിയിരുന്നു. പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ അടക്കമാണ് യുവതി പോലീസിന് പരാതി നല്‍കിയിട്ടുള്ളത്. മാത്രമല്ല വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും ഇവര്‍ പോലീസിന് നല്‍കിയിട്ടുണ്ട്. അതിലും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിന് ബാലകൃഷ്ണന്‍ എന്ന് തന്നെയാണുള്ളത്.

പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. ഇതോടെ ബിനോയിയെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യത്തിന് കൂടുതല്‍ ബലം നല്‍കും. തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയാനിരിക്കെയാണ് തെളിവുകള്‍ കൂടുതല്‍ ബിനോയിക്കെതിരെ വന്നിരിക്കുന്നത്.

അതേസമയം, ബിനോയ് കോടിയേരിക്കെതിരെ നിയമ നടപടിയിലേക്കു നീങ്ങിയത് ഒത്തുതീര്‍പ്പിനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നെന്നു യുവതിയുടെ കുടുംബം പറഞ്ഞു. ജീവിതച്ചെലവിനു പണം നല്‍കിയാല്‍ പരാതിയില്‍ നിന്നു പിന്‍വാങ്ങാമെന്ന ആവശ്യം ബിനോയി തള്ളിയതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്ന് യുവതി പറയുന്നു.

ഇതിനിടെ, ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും പൊലീസിനു നല്‍കിയ പരാതിയില്‍ ചേര്‍ത്തിട്ടുണ്ട്. കുഞ്ഞിനെ വളര്‍ത്താനും ജീവിതച്ചെലവിനുമായി 5 കോടി രൂപ ആവശ്യപ്പെട്ട് 2018 ഡിസംബര്‍ 31 ന് അഭിഭാഷകന്‍ മുഖേന നോട്ടിസ് അയച്ചിരുന്നു.

ഏപ്രില്‍ 18 നാണ് ബിനോയിയും അമ്മയും മുംബൈയില്‍ യുവതിയുമായി കൂടിക്കാഴ്ച നടത്തിയത്. ഏപ്രില്‍ 28നു വീണ്ടും ബിനോയിയും യുവതിയും മുംബൈയില്‍ ചര്‍ച്ച നടത്തി. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബിനോയ് വിസമ്മതിച്ചതോടെ രണ്ടു കൂടിക്കാഴ്ചകളുടെയും വിശദാംശങ്ങള്‍ പരാമര്‍ശിച്ച് അഭിഭാഷകന്‍ മുഖേന വീണ്ടും നോട്ടിസ് അയച്ചെന്ന് യുവതി പറയുന്നു. ആ നോട്ടിസും ബിനോയ് അവഗണിച്ചപ്പോഴാണ് ജൂണ്‍ 13 ന് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.