134 വര്‍ഷത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്‍റിന്‍റെ ഒപ്പില്ലാതെ എഐസിസിയുടെ കത്ത്

single-img
23 June 2019

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്‍റിന്‍റെ ഒപ്പില്ലാതെ എഐസിസിയുടെ കത്ത്. കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഘടകങ്ങള്‍ക്കും നല്‍കിയ കത്തിലാണ് പ്രസിഡന്‍റിന് പകരം ജനറല്‍ സെക്രട്ടറി(സംഘടന) കെ സി വേണുഗോപാല്‍ ഒപ്പിട്ടത്. രാഹുല്‍ ഗാന്ധിയാണ് പാര്‍ട്ടിയുടെ പ്രസിഡന്‍റെങ്കിലും തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെടില്ലെന്ന രാഹുല്‍ഗാന്ധിയുടെ നിലപാട് മാറ്റിയിട്ടില്ല.

തെരഞ്ഞെടുപ്പില്‍ സംഭവിച്ച കനത്ത തോല്‍വിയെ തുടര്‍ന്ന് എഐസിസി അധ്യക്ഷ സ്ഥാനമൊഴിയാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത അറിയിച്ചിരുന്നു. പിന്നീട് കൂടിയ എഐസിസി വര്‍ക്കിംഗ് കമ്മിറ്റിയിലും രാഹുല്‍ ഗാന്ധി രാജി തീരുമാനത്തില്‍ ഉറച്ചുനിന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും അമ്മ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയുമടക്കമുള്ളവര്‍ രാജി തീരുമാനത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ വഴങ്ങിയില്ല. പകരം ആളെ കണ്ടെത്താനാണ് പാര്‍ട്ടിയോട് രാഹുല്‍ നിര്‍ദേശിച്ചത്.