ജയിലില്‍ ഫോൺ ഉപയോഗിച്ച ടിപി കേസ് പ്രതി ഷാഫിയെ കൈയ്യോടെ പൊക്കി യതീഷ് ചന്ദ്ര: നടന്നത് അതിനാടകീയ റെയിഡ്

single-img
22 June 2019

കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ റെയ്ഡ്. ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു കണ്ണൂരിൽ മിന്നൽ പരിശോധന. പുലർച്ചെ നാല് മണി മുതൽ നടത്തിയ റെയ്ഡിൽ കഞ്ചാവും മൊബൈൽ ഫോണുകളും അടക്കം പിടിച്ചെടുത്തു.

വിയ്യൂർ ജയിലിൽ നടന്ന റെയ്ഡിനിടയിൽ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ഷാഫിയുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി. രണ്ട് മൊബൈൽ ഫോണുകളാണ് ഷാഫിയുടെ കയ്യിൽ നിന്നും പിടികൂടിയത്. തൃശ്ശൂർ പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയാണ് ഷാഫിയിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. ഇതിന് മുമ്പ് രണ്ട് തവണ ജയിലിൽ ഫോണുപയോഗിച്ചതിന് ഷാഫിയെ പിടികൂടിയിട്ടുണ്ട്.

വിയ്യൂർ ജയിലിൽ ഫോണുപയോഗിക്കുന്നതായി വിവരം കിട്ടിയതിനെത്തുടർന്ന് യതീഷ് ചന്ദ്ര അതി നാടകീയമായി പുലർച്ചെ ജയിലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. റെയ്‍ഡിൽ കണ്ടെത്തിയത് നാല് ഫോണുകളാണ്. ഇതിൽ രണ്ടെണ്ണം ഷാഫിയുടേതാണ്. രണ്ടും സ്മാർട്ട് ഫോണുകളുമാണ്.

അതേസമയം കണ്ണൂർ സെൻട്രൽ ജയിൽ സിപിഎമ്മിന്റെ നിയന്ത്രണത്തിൻ കീഴിലാണ് എന്ന ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. ഒരു ജയിലിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ കണ്ണൂർ സെൻട്രൽ ജയിലിൽ നടക്കുന്നുവെന്ന് ആക്ഷേപങ്ങൾ നേരത്തെ ഉയർന്നിരുന്നു.

തടവുകാർ പിരിവിട്ട് ഇവിടെ ടെലിവിഷൻ വാങ്ങിയത് വിവാദമായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി ജയിലിൽ റെയ്ഡ് നടത്തിയത്. റെയ്ഡിൽ ആയുധങ്ങൾ ഉൾപ്പെടെ കണ്ടെടുത്തിനാൽ ജയിൽ സൂപ്രണ്ടിനെതിരെ നടപടി ഉണ്ടായേക്കും.

റൈയ്ഡിനിടെ കണ്ടെടുത്ത സിംകാർഡ് ഉപയോഗിച്ച് തടവുകാർ ആരെയൊക്കെ വിളിച്ചുവെന്ന് കണ്ടെത്താൻ പോലീസിന് കൈമാറിയിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിൽ ശുദ്ധീകരിക്കാനുള്ള നടപടിയാണ് താൻ തുടങ്ങിയിരിക്കുന്നതെന്നും ഋഷിരാജ് സിങ് പറയുന്നു.