കോതമംഗലത്ത് മധ്യവയസ്‌കനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്നു സംശയം

single-img
22 June 2019

കോതമംഗലം പുളിന്താനത്ത്  മധ്യവയസ്‌കനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദ് എന്നയാളെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ സുഹൃത്ത് കാട്ടുചിറയിൽ സജീവിന്റെ  വീടിന്‍റെ ടെറസില്‍ കണ്ടെത്തിയത്. സജീവന്റെ കോഴിഫാമിലെ ജീവനക്കാരൻ കൂടിയാണ് പ്രസാദ്. 

Donate to evartha to support Independent journalism

വെടിവയ്ക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന എയർഗൺ തകർന്ന നിലയിൽ മൃതദേഹത്തിനു സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. സജീവന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ എയർഗൺ. ഇവരുടെ മറ്റൊരു സുഹൃത്ത് ബിജുവാണ് മൃതദേഹം കണ്ടെത്തിയതും പൊലീസിൽ അറിയിച്ചതും.

പോത്താനിക്കാട് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. തലയിൽ വെടിയേറ്റാണ് പ്രസാദിന്റെ മരണം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യയല്ല എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനകൾക്ക്ശേഷം മാത്രമേ ഇതിന് വ്യക്തത വരികയുള്ളൂവെന്നും പോലീസ് പറയുന്നു.

ഇന്നലെ രാത്രി 9.30 വരെ ഇരുവരും ടെറസിനു മുകളിലിരുന്ന് മദ്യപിച്ചിരുന്നതായി ബിജു പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. പ്രസാദിനെ വീട്ടിൽ കൊണ്ടാക്കുകയും ചെയ്തു. ഇന്നു രാവിലെ രാജാക്കാടുള്ള സജീവന്റെ തോട്ടത്തിലേക്കു പോകാനായി പ്രസാദ് എത്തുമെന്ന് പറഞ്ഞിരുന്നു. ഇതിനായി പ്രസാദിനെ വീട്ടിൽ അന്വേഷിച്ച് കാണാതായപ്പോൾ സജീവന്റെ വീട്ടിലും പരിസരത്തും അന്വേഷിക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്ന് ബിജു പറയുന്നു.

ബിജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ബിജുവിനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്കായി അന്വേഷണ സംഘം സ്ഥലത്തെത്തി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തുണ്ട്.