‘കുടവയറുണ്ടെങ്കിലെന്താ; നാല് വിക്കറ്റെടുത്തില്ലേ’

single-img
22 June 2019

ലോകകപ്പില്‍ ഇന്നലെ നടന്ന ഇംഗ്ലണ്ട്-ശ്രീലങ്ക മത്സരത്തില്‍ ലങ്കയെ അപ്രതീക്ഷിത ജയത്തിലേക്ക് നയിച്ചത് ലസിത് മലിംഗയുടെ ബൗളിംഗ് മികവായിരുന്നു. പത്തോവറില്‍ 43 റണ്‍സിന് നാല് പ്രധാന വിക്കറ്റ് വീഴ്ത്തിയ മലിംഗയാണ് മാന്‍ ഓഫ് ദ മാച്ച്. ലോകകപ്പില്‍ 50 വിക്കറ്റ് നേടുന്ന നാലാമത്തെ ബൗളറും രണ്ടാമത്തെ ശ്രീലങ്കന്‍ താരവുമായി മലിംഗ.

ഈ നേട്ടത്തിനൊപ്പം മലിംഗയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ ഡ്രസ്സിങ് റൂമില്‍ നിന്നുള്ള ഒരു ചിത്രമായിരുന്നു അത്. ഷര്‍ട്ട് ഇടാത്ത ഈ ചിത്രത്തില്‍ മലിംഗയുടെ കുടവയര്‍ വ്യക്തമായി കാണാമായിരുന്നു. ഇതോടെ ലങ്കന്‍ പേസ് ബൗളറെ ട്രോളി ആരാധകര്‍ രംഗത്തെത്തുകയായിരുന്നു.

ക്രിക്കറ്റില്‍ ഫിറ്റ്നെസിനെ കടത്തിവെട്ടി മലിംഗ എന്ന ക്യാപ്ഷനോടെ നിരവധി പേര്‍ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ലങ്കയുടെ മുന്‍ താരം മഹേല ജയവര്‍ധനയും ഇതേ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് മലിംഗയ്ക്ക് അഭിനന്ദനം അറിയിച്ചത്. മലീ, നീ നന്നായി ബൗള്‍ ചെയ്തു. നിന്റെ എല്ലാ ആരാധകര്‍ക്കുമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ ചിത്രം ഞാന്‍ പങ്കുവെയ്ക്കുന്നു എന്നായിരുന്നു ജയവര്‍ധനയുടെ അഭിനന്ദനം. കുടവയര്‍ ഉണ്ടെങ്കില്‍ എന്താ, നാല് വിക്കറ്റ് എടുത്തില്ലേ എന്നാണ് മലിംഗയുടെ ആരാധകരുടെ ചോദ്യം. …