ഗൗരിയമ്മയുടെ ജന്മദിനത്തിൽ പിണറായി വിജയൻ ചൊല്ലിയത് ഗൗരിയമ്മയെ പുറത്താക്കിയപ്പോൾ സിപിഎമ്മിനെ വിമർശിച്ച് എഴുതിയ കവിത

single-img
22 June 2019

കെആർഗൗരിയമ്മയെ പ്രകീർത്തിക്കാൻ സിപിഎമ്മിനെതിരെയുള്ള കവിത ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയൻ. കെആർഗൗരിയമ്മയുടെ 101–ാം ജന്മദിനാഘോഷത്തിലാണ് ഗൗരിയമ്മയെ സിപിഎം പുറത്താക്കിയതിൽ പ്രതിഷേധിച്ചു കവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ കവിതയിലെ വരികൾ പിണറായി വിജയൻ ഉദ്ധരിച്ചത്.

ഗൗരിയമ്മയുടെ ധീരതയെ പ്രശംസിച്ചാണു പിണറായി പ്രസംഗത്തിൽ കവിതയിലെ വരികൾ ചൊല്ലിയത്.

‘കരയാത്ത ഗൗരി, തളരാത്ത ഗൗരി,

കലികൊണ്ടു നിന്നാൽ അവൾ ഭദ്രകാളി,

ഇതു കേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം

പതിവായി ഞങ്ങൾ ഭയമാറ്റി വന്നു…’

എന്ന വരികളാണു മുഖ്യമന്ത്രി പരാമർശിച്ചത്.

1995ൽ ചുള്ളിക്കാട് എഴുതിയ ‘ഗൗരി’ എന്ന കവിതയിൽ സിപിഎമ്മിനെയും അന്നത്തെ നേതൃത്വത്തെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്. അതിൽനിന്നുമാണ് മുഖ്യമന്ത്രി പ്രസ്തുത കവിതാ ശകലം ചൊല്ലിയത്. 1994ലാണ് ഗൗരിയമ്മയെ സിപിഎം പുറത്താക്കിയത്.

പണ്ടു കുഞ്ഞുങ്ങൾക്കു ഭയം മാറാൻ ഗൗരിയമ്മ ഒപ്പമുണ്ടെന്നു പറഞ്ഞാൽ മതിയായിരുന്നു എന്നതാണു കവിതയുടെ ഉള്ളടക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തെ മുന്നോട്ടു നയിക്കാൻ നവോത്ഥാന നീക്കങ്ങളെ ശക്തിപ്പെടുത്തുമെന്ന പ്രതിജ്ഞയാകണം ഗൗരിയമ്മയ്ക്കുള്ള പിറന്നാൾ സമ്മാനമെന്നും സമൂഹത്തെ പുരോഗമനത്തിലേക്കു നയിക്കാൻ അസാധാരണ ത്യാഗവും ധീരതയും ഗൗരിയമ്മ കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.