മകന്‍ എവിടെയെന്ന് അറിയില്ല; കോടിയേരി

single-img
22 June 2019

ലൈംഗികാരോപണക്കേസില്‍ മകനെ സംരക്ഷിക്കില്ലെന്നും പാര്‍ട്ടി ഇടപെടേണ്ട സാഹചര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയിയെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ല. സ്വന്തം ചെയ്തികളുടെ ഫലം വ്യക്തികള്‍ തന്നെ അനുഭവിക്കണമെന്നും നിരപരാധിത്തം തെളിയിക്കേണ്ടത് ആരോപണവിധേയന്‍ തന്നെയാണെന്നും കോടിയേരി പറഞ്ഞു. ബിനോയ് കോടിയേരിക്കെതിരായ പ്രശ്നം ചർച്ച ചെയ്ത സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Donate to evartha to support Independent journalism

വിഷയത്തിൽ പാർട്ടിയുടെ നിലപാട് ജനറൽ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയതാണ്. പാർട്ടി ഇടപെടേണ്ട പ്രശ്നമല്ല. പാർട്ടി അംഗങ്ങൾ സ്വീകരിക്കേണ്ട സമീപനവും നടപടിക്രമവുമാണ് മകന്റെ കാര്യത്തിലും ഞാൻ സ്വീകരിക്കുന്നത്. മറ്റുകാര്യങ്ങളെല്ലാം നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കട്ടെ. അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല-അദ്ദേഹം വിശദീകരിച്ചു.

അതിനിടെ ബിനോയ് കോടിയേരിയെ താൻ ബന്ധപ്പെട്ടിട്ട് ദിവസങ്ങളായെന്നും മകൻ എവിടെയെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവന്റെ പിന്നാലെ എപ്പോഴും പോകുന്ന ആളാണെങ്കിൽ ഈ പ്രശ്നമുണ്ടാകില്ലായിരുന്നെന്നും കോടിയേരി പറഞ്ഞു.

കേസ് വന്നസമയത്താണ് ഇതുസംബന്ധിച്ച് അറിയുന്നത്. മകൻ ആശുപത്രിയിൽ കാണാൻവന്നിരുന്നു. മകനെ കണ്ടിട്ട് കുറച്ചുദിവസമായെന്നും മകനെ ഫോണിൽപോലും വിളിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.