‘ബിനോയി കോടിയേരിയുടെ അമ്മ മുംബൈയിലെത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചു; കോടിയേരിയും അറിഞ്ഞു’

single-img
22 June 2019

ബിനോയ് കോടിയേരിക്കെതിരായ ലൈംഗികപീഡനക്കേസിൽ  ഒത്തുതീർപ്പിനായി ബിനോയിയുടെ അമ്മ വിനോദിനി യുവതിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്. 2018 ഡിസംബറിൽ യുവതി വക്കീൽ നോട്ടീസയച്ചിതിന് പിന്നാലെയാണ് വിനോദിനി ബാലകൃഷ്ണൻ മുംബൈയിലെത്തിയത്. ബിനോയിയും അമ്മയ്ക്കൊപ്പമുണ്ടായിരുന്നു.

Support Evartha to Save Independent journalism

പണം കിട്ടാതെ ഒത്തുതീർപ്പിനില്ലെന്ന് യുവതി പറഞ്ഞതിനെത്തുടർന്ന് മറ്റ് കുടുംബാംഗങ്ങളുമായും സംസാരിച്ചു. കൂടാതെ പരാതിയെക്കുറിച്ച് കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. കോടിയേരി പ്രതികരിച്ചില്ല. ഇതിന്റെ പേരിൽ ബിനോയ് ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ പറഞ്ഞു.

പിന്നീടും വിനോദിനിയും മറ്റ് കുടുംബാംഗങ്ങളും ഒത്തുതീർപ്പിന്ശ്രമിച്ചിരുന്നുവെന്നും പലപ്പോഴും ഭീഷണിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ടെന്നും യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.

അതേസമയം, ബിഹാർ സ്വദേശിയായ യുവതി വീണ്ടും ഓഷിവാര പൊലീസ് സ്‌റ്റേഷനിലെത്തി മൊഴി നൽകി. ഇവരുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് ബിനോയിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതി വീണ്ടും മൊഴി നൽകിയത്. ഫോൺ രേഖകളും കൈമാറിയിട്ടുണ്ട്.

അതേസമയം ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യഹർജിയിൽ മുംബൈയിലെ ദിൻഡോശി സെഷൻസ് കോടതി തിങ്കളാഴ്ച വിധി പറയും. ഹർജിയിൽ വെള്ളിയാഴ്ച കോടതി വാദം കേട്ടു.സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ മുംബൈ ഹൈക്കോടതിയെ സമീപിക്കാനാവും. ബിനോയിയെ കണ്ടുകിട്ടിയില്ലെങ്കിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. ഈ മാസം 13-നാണ് യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്.

അതിനിടെ, മകൻ ബിനോയ്‌ക്കെതിരെ ലൈംഗികാരോപണം ഉയർന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിയാൻ കോടിയേരി ബാലകൃഷ്ണൻ സന്നദ്ധത അറിയിച്ചു. എന്നാൽ സംസ്ഥാന സെക്രട്ടറി ഒഴിയേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കി. കോടിയേരി ആരെയും രക്ഷിക്കാനോ ശിക്ഷിക്കാനോ ശ്രമിച്ചിട്ടില്ല. അദ്ദേഹം സ്ഥാനമൊഴിയുന്നത് പാർട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നും നേതൃത്വം അറിയിച്ചു.