ആക്രമിച്ചാല്‍ അമേരിക്കയെ കാത്തിരിക്കുന്നത് ശക്തമായ തിരിച്ചടി; മുന്നറിയിപ്പുമായി ഇറാന്‍

single-img
22 June 2019

തങ്ങള്‍ക്ക് അമേരിക്കയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തില്‍ ഭീഷണികളോ ആക്രമണമോ ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാനിലെ തസ്‌നീം എന്ന വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ഇറാന്റെ അതിര്‍ത്തി കടന്ന യുഎസ് ഡ്രോണിനെ ഇറാന്‍ വെടിവച്ച് വീഴ്ത്തിയിരുന്നു.

Doante to evartha to support Independent journalism

അമേരിക്ക എന്ത് തീരുമാനിച്ചാലും ശരി, ഇറാന്റെ അതിര്‍ത്തി ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎസിന്റെ ഭാഗത്ത് നിന്നുള്ള എന്ത് തരം ആക്രമണങ്ങളേയും ഭീഷണികളേയും ശക്തമായ മറുപടി നല്‍കി നേരിടുമെന്ന് വിദേശകാര്യ വ്ക്താവ് അബ്ബാസ് മൂസാവി തസ്‌നീം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിലുണ്ടായ സംഘര്‍ഷം യുഎസ് ഇറാനെ ആക്രമിക്കുന്നതിലേയ്ക്കും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യുദ്ധമുണ്ടാക്കുമെന്നുമുള്ള ആശങ്ക ശക്തമായിരിക്കുന്നതിന് ഇടയിലാണ് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്ക ഇറാനെ ആക്രമിക്കാന്‍ തീരുമാനിച്ചിരുന്നതായും എന്നാല്‍ 10 മിനുട്ട് താന്‍ സൈനിക ജനറല്‍മാരോട് സംസാരിച്ച് ആക്രമണം വേണ്ടെന്ന് വച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. 150 പേര്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കാനാണ് ആക്രമണം തടഞ്ഞത് എന്നും ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നും ട്രംപ് പറഞ്ഞിരുന്നു.

ഇറാന് ശത്രുക്കള്‍ അത് അമേരിക്കയായാലും മാറ്റാരായാലും അത് അവരെ കത്തി ചാമ്പലാക്കും – ഇറാന്‍ സൈനിക വക്താവ് അബോള്‍ഫാസി ഷെകാര്‍ച്ചി മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ യാത്രാ വിമാനങ്ങള്‍ പറപ്പിക്കുന്നത് യുഎസ് വ്യോമയാന വകുപ്പ് വിലക്കിയിട്ടുണ്ട്.