യുദ്ധം നിങ്ങളുടെ കാര്യം, ഞങ്ങളെ തൊട്ടാൽ വിവരമറിയും; അമേരിക്ക- ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ ഇന്ത്യൻ എണ്ണക്കപ്പലുകളുടെ സംരക്ഷണത്തിനായി ഒമാൻ കടലിടുക്കിൽ ഇന്ത്യ നാവിക സേനയെ വിന്യസിക്കുന്നു

single-img
22 June 2019

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധസാദ്ധ്യത നിലനിൽക്കെ ഇന്ത്യൻ എണ്ണക്കപ്പലുകളുടെ സംരക്ഷണത്തിനായി ഒമാൻ കടലിടുക്കിൽ നാവിക സേന ഉദ്യോഗസ്ഥരെയും നാവികരെയും വിന്യസിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു.  ഒമാൻ കടലിടുക്കിൽവച്ച് വിവിധ രാജ്യങ്ങളുടെ എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ മുന്നൊരുക്കം.

ഒരു നാവികസേന ഉദ്യോഗസ്ഥനും രണ്ട് നാവികരുമടങ്ങുന്ന ഇന്ത്യൻ നാവികസേന സംഘം,​ ഹെലികോപ്ടറിലോ ബോട്ടിലോ ഇന്ത്യൻ എണ്ണക്കപ്പലുകളെ അനുഗമിക്കും. പ്രദേശത്ത് സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനെ തുടർന്ന്,​ കഴിഞ്ഞ ദിവസം രണ്ട് യുദ്ധക്കപ്പലുകളും ഇന്ത്യൻ നാവിക സേന വിന്യസിച്ചിരുന്നു. മിസൈൽ വേധ യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈ, നിരീക്ഷണക്കപ്പലായ ഐഎൻഎസ് സുനൈന എന്നിവയെയാണ് ഒമാൻ കടലിടുക്കിൽ വിന്യസിച്ചിട്ടുള്ളത്.

ഓപ്പറേഷൻ സങ്കൽപ്പ് എന്നപേരിലാണ് ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നാവികസേനയുടെ നീക്കം. യുദ്ധക്കപ്പലുകൾ വിന്യസിച്ചതിന് പുറമെ വ്യോമനിരീക്ഷണവും നടത്തുന്നുണ്ട്. ഗുരുഗ്രാമിലുള്ള കേന്ദ്രത്തിൽ ഒമാൻ കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരവും നാവികസേന നിരീക്ഷിക്കുന്നുണ്ട്.