ഷൂട്ടിങും അമ്പെയ്ത്തും ഒഴിവാക്കാന്‍ ശ്രമം; ഗെയിംസിൽ നിന്ന് പിന്മാറുമെന്ന് കോമൺവെൽത്ത് ഫെഡറേഷനോട് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ

single-img
22 June 2019

ഇക്കുറി ഷൂട്ടിങും അമ്പെയ്ത്തും (റികർവ്) ഒഴിവാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പിന്മാറുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി ജനറൽ രാജീവ് മേത്ത കോമൺവെൽത്ത് ഫെഡറേഷന് കത്തെഴുതി. “ഈ തീരുമാനം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് അവര്‍ക്ക് അറിയാം. എന്നാൽ വ്യക്തമായ ബോധ്യത്തോടെയാണ് ഇതെടുത്തിരിക്കുന്നത്. കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും അധികം മെഡൽ ഇന്ത്യക്ക് കിട്ടുന്ന ഇനങ്ങളിലൊന്നാണ് ഷൂട്ടിംഗ്. കോമൺവെൽത്ത് ഗെയിംസ് ഈ ഇനങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം എടുത്തെന്നും ഇത് പിൻവലിക്കുക ബുദ്ധിമുട്ടാണെന്നും അറിയാം. എന്നാല്‍ പോലും അടുത്ത മാസം ചേരുന്ന യോഗത്തിൽ കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ ഈ തീരുമാനം തിരുത്തണം. അപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം,” രാജീവ് മേത്ത പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കോമൺവെൽത്ത് ഫെഡറേഷന്റെ എക്സിക്യുട്ടീവ് സമിതി ഷൂട്ടിംഗും റിക്കർവ് അമ്പെയ്ത്തും ഒഴിവാക്കാൻ തീരുമാനിച്ചത്. നടക്കാനിരിക്കുന്ന 2022 ലെ ഗെയിംസിൽ ഈ ഇനങ്ങൾ വേണ്ടെന്നായിരുന്നു തീരുമാനം. ഇവയ്ക്ക് പകരമായി വനിത ടി20, പാരാ ടേബിൾ ടെന്നിസ്, ബീച്ച് വോളിബോൾ എന്നിവ ഉൾക്കൊള്ളിക്കാനായിരുന്നു തീരുമാനം. പ്രാഥമിക തീരുമാനം മാത്രമാണ് വന്നതെങ്കിലും ഫെഡറേഷന്റെ 71 അംഗങ്ങളിൽ 51 ശതമാനം പേർ ഈ തീരുമാനം അംഗീകരിക്കേണ്ടതുണ്ട്. എന്നാല്‍ ഈ അംഗീകാരം നടപടിക്രമം മാത്രമായിരിക്കും.

കഴിഞ്ഞ തവണ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ 66 മെഡലുകളുമായി മൂന്നാം സ്ഥാനത്തായിരുന്നു. ഓസ്ട്രേലിയ 198 മെഡൽ നേടി ഒന്നാം സ്ഥാനത്തും ഇംഗ്ലണ്ട് 136 മെഡൽ നേടി രണ്ടാം സ്ഥാനത്തും എത്തി. നിലവില്‍ മത്സരങ്ങളില്‍ നിന്നും ഷൂട്ടിംഗ് ഒഴിവാക്കിയാൽ ഇന്ത്യയ്ക്ക് ഈ മൂന്നാം സ്ഥാനം നഷ്ടമാകാനാണ് സാധ്യത. തൊട്ടു പിന്നിലുള്ള കാനഡയും ന്യൂസിലാന്റും ഇന്ത്യയെ മറികടക്കുകയും ചെയ്യും.