കമന്ററി ബോക്സില്‍ നിന്ന് ഗാംഗുലിയും ലക്ഷ്മണും പുറത്തുപോകേണ്ടി വരും

single-img
22 June 2019

ലോകകപ്പ് ക്രിക്കറ്റിന്റെ കമന്ററി ബോക്‌സില്‍ നിന്ന് സൗരവ് ഗാംഗുലിക്കും വി.വി.എസ് ലക്ഷ്മണിനും വിട്ടുനില്‍ക്കേണ്ടിവന്നേക്കും. ഒന്നെങ്കില്‍ ബിസിസിഐയുടെ ഔദ്യോഗിക പദവി അല്ലെങ്കില്‍ ലോകകപ്പ് കമന്ററി, ഒരേസമയം രണ്ട് പണി വേണ്ടെന്ന് ബിസിസിയുടെ എത്തിക്സ് കമ്മിറ്റി ഇവരെ അറിയിച്ചു.

മറ്റ് കമന്റേറ്റര്‍മാര്‍ക്കും ഈ നിയമം ബാധകമാണ്. ഏത് പദവിയാണ് സ്വീകരിക്കുന്നതെന്ന് ഓരോരുത്തര്‍ക്കും സ്വയം തീരുമാനിക്കാം. സുനില്‍ ഗവാസ്‌കര്‍, ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ, സഞ്ജയ് മഞ്ചരേക്കര്‍, വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ഇര്‍ഫാന്‍ പഠാന്‍ തുടങ്ങിയവരും ലോകകപ്പ് കമന്ററി ടീമിലുണ്ട്.

സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ക്ക് മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവയില്‍ പ്രാതിനിധ്യമുണ്ട്. അതോടൊപ്പം സ്റ്റാര്‍ സ്പോര്‍ട്സ് കമന്ററി ടീമിലുമുണ്ട്. ബി.സി.സി.ഐ ക്രിക്കറ്റ് ഉപദേശക സമിതി അംഗവും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ഗാംഗുലി ഐ.പി.എല്ലില്‍ ഡല്‍ഹി കാപ്പിറ്റല്‍സിന്റെ ഉപദേശകനായതിന് പിന്നാലെ ബി.സി.സി.ഐ നേരത്തെ വിശദീകരണം തേടിയിരുന്നു.

ഇതിന് അനുവദിക്കില്ലെന്നാണ് ബിസിസിഐയുടെ പുതിയ തീരുമാനം. ഇതോടെ ഐപിഎല്‍ ടീം, ക്രിക്കറ്റ് അഡ്മിനിസ്ട്രേഷനുകള്‍, കോച്ചിങ്, കമന്ററി തുടങ്ങിയ നിലകളില്‍ മാറി മാറിയുളള ഇടപെടലുകള്‍ നടക്കില്ല. ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പ്രകാരം നടപ്പിലാക്കിയ കോണ്‍ഫ്‌ലിക്റ്റ് ഓഫ് ഇന്ററസ്റ്റ് എന്ന ചട്ടമാണ് താരങ്ങള്‍ക്ക് വിനയായത്.

ഒരാള്‍ക്ക് ഒരു പദവി എന്നതാണ് ചട്ടത്തിന്റെ ഉള്ളടക്കം. ഔദ്യോഗിക പദവിയില്‍ തുടരണമോ അതോ കമന്ററി നടത്തണമോ എന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ താരങ്ങള്‍ക്ക് രണ്ടാഴ്ച സമയം അനുവദിക്കുമെന്ന് ബി.സി.സി.ഐ അധികൃതര്‍ വ്യക്തമാക്കി.