ഇന്ത്യയെ ഞെട്ടിച്ച് അഫ്ഗാനിസ്ഥാൻ

single-img
22 June 2019

അഫ്ഗാനിസ്താനെതിരേ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. രോഹിത് ശർമ (1), കെ.എൽ രാഹുൽ (30) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്ത്യയെ മികച്ച ബൗളിംഗിലൂടെ ആദ്യ ഓവറുകളില്‍ പിടിച്ചുകെട്ടാന്‍ അഫ്ഗാന് സാധിച്ചിട്ടുണ്ട്.

ലോകകപ്പില്‍ തോല്‍വി അറിയാത്ത ഇന്ത്യക്കെതിരെ മികച്ച പ്രകടനം ലക്ഷ്യമിട്ടിറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി മുജീബ് ഉര്‍ റഹ്മാനാണ് രോഹിത്തിന്‍റെ വിക്കറ്റ് സ്വന്തമാക്കിയത്. പത്തു പന്തുകളില്‍ നിന്ന് ഒരു റണ്‍സ് മാത്രമായിരുന്നു ഹിറ്റ്മാന്‍റെ സമ്പാദ്യം. രാഹുൽ, നബിയുടെ പന്തിൽ പുറത്തായി. നാലാമൻ വിജയ് ശങ്കറും ക്യാപ്റ്റൻ വിരാട് കോലിയുമാണ് ക്രീസിൽ.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മെയ് 11ന് പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് നേടിയ 373 റണ്‍സാണ് സതാംപ്ടണിലെ റോസ് ബൗള്‍ സ്‌റ്റേഡിയത്തിലെ ഉയര്‍ന്ന സ്‌കോര്‍. ഇന്നും ഒരു വലിയ സ്‌കോറാണ് സതാംപ്ടണില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

പ്രതീക്ഷിക്കപ്പെട്ട ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് ഷമി ടീമിലെത്തി. രണ്ട് മാറ്റവുമായിട്ടാണ് അഫ്ഗാന്‍ കളിക്കുന്നത്. നൂര്‍ അലി, ദ്വാളത് സദ്രാന്‍ എന്നിവര്‍ പുറത്തിരിക്കും. പകരം ഹസ്രത്തുള്ള സസൈ, അഫ്താബ് ആലം എന്നിവര്‍ ടീമിലെത്തി.