സ്‌പെയിനിന്റെ ഗോള്‍മെഷീന്‍ ഇനി കളികളത്തില്‍ ഉണ്ടാവില്ല; ഫെര്‍ണാണ്ടോ ടോറസ് വിരമിച്ചു

single-img
21 June 2019

സ്‌പെയിനിന്റെ മുന്‍ സൂപ്പര്‍ താരവും ടീമിന്റെ ഗോള്‍മെഷീന്‍എന്നും അറിയപ്പെട്ട ലോക ഫുട്‌ബോളിലെ അപകടകാരിയായ സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ ഫെര്‍ണാണ്ടോ ടോറസ് വിരമിച്ചു. ഫുട്‌ബോളിളില്‍ നിന്നും താന്‍ വിട പറയുകയാണെന്ന് ട്വിറ്ററിലൂടെയാണ് 35 കാരനായ താരം ലോകത്തെ അറിയിച്ചത്.

Donate to evartha to support Independent journalism

ദേശീയ ടീമിന് പുറമേ ലിവര്‍പൂള്‍, ചെല്‍സി, അത്‌ലറ്റികോ മാഡ്രിഡ് തുടങ്ങി യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളുടെ മിന്നും താരമായിരുന്നു ടോറസ്. നിങ്ങളെ വളരെ പ്രധാനപ്പെട്ടൊരു കാര്യം അറിയിക്കാനുണ്ടെന്ന മുഖവുരയോടെയാണ് ടോറസ് ട്വിറ്ററിലെ വീഡിയോയില്‍ തുടങ്ങുന്നത്. ആവേശജനകമായ 18 വര്‍ഷം നീണ്ട ഫുട്‌ബോള്‍ കരിയറിന് അന്ത്യം കുറിക്കാനുള്ള സമയമായിരിക്കുന്നു. ജൂണ്‍ 23നു ഞായറാഴ്ച ജപ്പാനിലെ ടോക്കിയോയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാമെന്നും ടോറസ് വ്യക്തമാക്കി.

സ്പാനിഷ് മുന്‍നിര ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡിലൂടെയാണ് ടോറസിന്റെ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന്‍ അത്‌ലറ്റികോയുടെ ഐക്കണ്‍ താരമായി അദ്ദേഹം മാറുകയായിരുന്നു. അത്‌ലറ്റികോയില്‍ നടത്തിയ ഗോളടിമികവാണ് ടോറസിനെ സ്പാനിഷ് ടീമിലെത്തിച്ചത്.

ദേശീയ ടീമായ സ്‌പെയിനിനൊപ്പം രണ്ടു യൂറോ കപ്പുകളും (2008, 12) ഒരു ലോകകപ്പും (2010) അദ്ദേഹം നേടിയിട്ടുണ്ട്. 2008ല്‍ നടന്ന യൂറോ കപ്പ് ഫൈനലില്‍ ജര്‍മനിക്കെതിരേ സ്‌പെയിനിന്റെ വിജയഗോള്‍ ടോറസിന്റെ വകയായിരുന്നു.സ്പെയിനിനും ക്ലബ്ബുകള്‍ക്കും കൂടി കരിയറില്‍ 300ന് അടുത്ത് ഗോളുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. എട്ടു കിരീടനേട്ടങ്ങളിലും പങ്കാളിയാവാന്‍ ടോറസിനു സാധിച്ചു.