രാജു നാരായണ സ്വാമിയെ സര്‍വീസില്‍നിന്നു പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം

single-img
21 June 2019

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമിയെ സര്‍വീസില്‍നിന്നു പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു ശുപാര്‍ശ നല്‍കിയതായി റിപ്പോര്‍ട്ട്. നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് മംഗളം പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജു നാരായണസ്വാമി. കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ സമിതിയുടെ തീരുമാനം അനുസരിച്ചാണ് കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് ആദ്യമായാണ്.

സര്‍വീസില്‍ പത്തു വര്‍ഷം കൂടി ശേഷിക്കെയാണു സംസ്ഥാന സർക്കാരിൻ്റെ നടപടി. സുപ്രധാന തസ്തികകള്‍ വഹിക്കുമ്പോഴും രാജു നാരായണസ്വാമി പലപ്പോഴും ഓഫീസില്‍ എത്തിയിരുന്നില്ലെന്നു സമിതി കണ്ടെത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അടുത്തിടെ കേന്ദ്ര സര്‍വീസില്‍നിന്ന് സംസ്ഥാന സര്‍വീസിലേക്കു തിരിച്ചുവന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചില്ലെന്നും സൂചനകളുണ്ട്.

മൂന്നു മാസം മുമ്പ് രാജു നാരായണസ്വാമിയെ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍നിന്ന് മാറ്റിയിരുന്നു. ഇപ്പോള്‍ അദ്ദേഹം എവിടെയാണെന്ന് സര്‍ക്കാര്‍ രേഖകളിലില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.