ശബരിമല: ബിജെപിയുടെ വിശ്വാസ സംരക്ഷണം കാപട്യമെന്ന് എന്‍കെ പ്രേമചന്ദ്രന്‍

single-img
21 June 2019

ശബരിമലയില്‍ പ്രായവിത്യാസമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് തടയണം എന്ന് ആവശ്യപ്പെടുന്ന എന്‍ കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി ഇന്ന് ലഭിച്ചു.സഭ ഏകകണ്ഠമായാണ് അനുമതി നല്‍കിയത്. ശബരിമലയില്‍ കോടതിവിധിക്ക് മുന്‍പുള്ള സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ശ്രീധര്‍മ്മ ശാസ്താ ടെമ്പിള്‍ (സ്‌പെഷല്‍ പ്രൊവിഷന്‍) ബില്‍ 2019. ഇന്ന്ബില്‍ അവതരണത്തിനുള്ള നടപടിക്രമം മാത്രമാണ് ഉണ്ടായത്.

എന്നാല്‍ യുവതീപ്രവേശനം തടയാന്‍ ബില്‍ ബില്‍ വേണമെന്ന് ആവശ്യപ്പെട്ട ബിജെപി എംപി മീനാക്ഷി ലേഖി പ്രേമചന്ദ്രന്റെ ബില്‍ സമഗ്രമല്ലെന്നും മാധ്യമശ്രദ്ധ നേടാന്‍ വേണ്ടി മാത്രമെന്നും പറഞ്ഞു. നിലവില്‍ സുപ്രീം കോടതിയില്‍ കേസ് നടക്കുകയാണ് എന്നും അവര്‍ പറഞ്ഞിരുന്നു. അതിന് മറുപടിയുമായി പ്രേമചന്ദ്രന്‍ രംഗത്തെത്തി. ഇപ്പോഴും സുപ്രീം കോടതിയില്‍ കേസുണ്ട് എന്ന വാദം മുഖം രക്ഷിക്കാനുള്ള ബിജെപിയുടെ അടവ് മാത്രമാണ് എന്ന് പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു.

ബിജെപിയുടെ ശ്രമം ബില്ലിനെ രാഷ്ട്രീയമായി നേരിടാനാണ്. അവര്‍ ഒരു യുഡിഎഫ് അംഗം അവതരിപ്പിച്ചതുകൊണ്ട് ബിജെപി ബില്ലിനെ അംഗീകരിക്കാന്‍ മടിക്കുകയാണ്. രാജ്യത്തെ വിശ്വാസ സംരക്ഷണത്തിന്റെ കുത്തക അവകാശപ്പെടുന്ന ബിജെപി ക്രിയാത്മകമായി ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഇത് അവരുടെ ആത്മാര്‍ത്ഥതയില്ലായ്മയാണ് വെളിവാക്കുന്നത് എന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ഈ സമയം മീനാക്ഷി ലേഖി ആയിരുന്നു സ്പീക്കറുടെ കസേരയില്‍.