മൃതദേഹത്തിൽ നിന്ന് താലി മാല മോഷ്ടിച്ച മെഡിക്കൽ കോളേജ് ജീവനക്കാരി അറസ്റ്റിൽ

single-img
21 June 2019

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹത്തില്‍ നിന്ന് താലി മാല മോഷണം പോയി. മോഷണം നടത്തിയ ആശുപത്രി ജീവനക്കാരിയെ അറസ്റ്റ് ചെയ്തു.ഗ്രേഡ് 2 ജീവനക്കാരിയായ പന്തളം സ്വദേശിനി ജയലക്ഷ്മിയെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ കൊണ്ടുവന്ന തമിഴ്നാട് സ്വദേശിനിയായ രാധ എന്ന സ്ത്രീയുടെ മൃതദേഹത്തില്‍ നിന്നാണ് മാല മോഷണം പോയത്.ഇവര്‍ ഇന്ന് രാവിലെ മരിച്ചിരുന്നു. ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനായി മൂന്നാം വാര്‍ഡിന്റെ വശത്ത് കിടത്തുമ്പോഴാണ് ഒന്നരപവന്റെ താലി മാല കാണാതെ പോയത് ശ്രദ്ധിക്കുന്നത്.

ബന്ധുക്കള്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് 2 ജീവനക്കാരിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പരിശോധനയില്‍ പ്രതിയില്‍ നിന്ന് മാല കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് മുന്‍പ് മെഡിക്കല്‍ കോളേജില്‍ നടന്നിട്ടുള്ള സമാന സംഭവങ്ങള്‍ അന്വേഷിക്കണമെന്ന് മെഡിക്കല്‍ കോളേജ് വികസന സമിതി ആവശ്യപ്പെട്ടു.
ഇതാദ്യമായാണ് ആശുപത്രിയിലെ മോഷണത്തിന് ഒരു ജീവനക്കാരി അറസ്റ്റിലാവുന്നത്.