കേരള കോണ്‍ഗ്രസിന് പിന്നാലെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ടും പിളര്‍ന്നു

single-img
21 June 2019

കേരള കോണ്‍ഗ്രസ് എമ്മില്‍ പിളര്‍പ്പ് നടന്നതിന് പിന്നാലെ യുവജന സംഘടന യൂത്ത് ഫ്രണ്ടും പിളര്‍ന്നു.
യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഒരു വിഭാഗം ജന്മദിന സമ്മേളനം ചേര്‍ന്നപ്പോള്‍ ജോസ് കെ മാണിക്കൊപ്പം നില്‍ക്കുന്നവര്‍ സാജന്‍ തൊടുകെയെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചു. അതേസമയം ആള്‍ക്കൂട്ടം ചെയര്‍മാനെ തെരഞ്ഞെടുത്തത് പോലെയാണ് യൂത്ത് ഫ്രണ്ടിന്റെ പുതിയ തെരഞ്ഞെടുപ്പെന്ന് പി ജെ ജോസഫ് പ്രതികരിച്ചു.

യുവജന സംഘടനയുടെ 49ആം ജന്മദിന സമ്മേളനമാണ് പിളര്‍പ്പിന് വേദിയായത്. പിജെ ജോസഫിനൊപ്പം നില്‍കുന്ന യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്റെ നേതൃത്വത്തിലുള്ള വിഭാഗം തിരുവനന്തപുരം എല്‍എംഎസ് കോമ്പൗണ്ടിലാണ് യോഗം ചേര്‍ന്നത്. പാര്‍ട്ടിയിലെ പ്രധാന നേതാക്കളായ സിഎഫ് തോമസ്, മോന്‍സ് ജോസഫ്, ജോയി എബ്രഹാം, തോമസ് ഉണ്ണിയാടന്‍ തുടങ്ങിയവര്‍ യോഗത്തിനെത്തി. 72 അംഗങ്ങള്‍ ഉള്ളതില്‍ 54 സംസ്ഥാന സമിതിയംഗങ്ങളും പങ്കെടുത്തെന്നാണ് ഈ വിഭാഗത്തിന്റെ അവകാശവാദം.

ഈസമയം കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മിന്റെ സംസ്ഥാന ഓഫീസില്‍ ചേര്‍ന്ന ഒരു വിഭാഗം യൂത്ത് ഫ്രണ്ട് നേതാക്കള്‍ സജി മഞ്ഞക്കടമ്പനെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയും സാജന്‍ തൊടുകയെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.ഈ യോഗത്തില്‍ സംസ്ഥാന ഭാരവാഹികളില്‍ ആറ് പേരൊഴികെ എല്ലാവരും പങ്കെടുത്തെന്നാണ് സാജന്‍ തൊടുകെ അവകാശപ്പെടുന്നത്.