കര്‍ണാടകയില്‍ ഇടക്കാല തെരഞ്ഞെടുപ്പിനു സാധ്യതയെന്ന് ദേവഗൗഡ; സഖ്യ സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്ന് കോണ്‍ഗ്രസ്

single-img
21 June 2019


കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ജെഡിഎസ് അധ്യക്ഷന്‍ എച്ച്. ഡി. ദേവഗൗഡ. സര്‍ക്കാരിന്റെ നിലനില്‍പ്പ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ കൈയിലല്ല. ഇടക്കാല തെരഞ്ഞെടുപ്പിനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ടെന്നും ദേവഗൗഡ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതാക്കളുടെ മനോഭാവം മാറിയിരിക്കുകയാണ്. കുമാരസ്വാമി സര്‍ക്കാരിനെ അഞ്ചു വര്‍ഷവും പിന്തുണക്കുമെന്ന് കോണ്‍ഗ്രസ് പറയുമ്പോഴും സര്‍ക്കാര്‍ എത്രകാലം തുടരുമെന്ന് പറയാനാകില്ലെന്നും ദേവഗൗഡ വ്യക്തമാക്കി. കര്‍ണാടകയില്‍ ജനങ്ങള്‍ക്കിടയിലുള്ള കോണ്‍ഗ്രസിന്റെ പിന്തുണ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

അതേസമയം, ദേവഗൗഡയുടെ വിമര്‍ശനം എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവു അറിയിച്ചു. സഖ്യസര്‍ക്കാരിന് മേല്‍ ഒരു ഭീഷണിയുമില്ലെന്നും സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്നും ഇടക്കാല തെരഞ്ഞടുപ്പിന്റെ ആവശ്യം ഇല്ലെന്നും ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.

” അത് അദ്ദേഹത്തിന്റെ( ദേവഗൗഡ) മാത്രം അഭിപ്രായമാണ്. ഇത്തരം പ്രസ്താവനകള്‍ അദ്ദേഹം നിരന്തരം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിലൊന്നും സത്യമില്ല. അദ്ദേഹത്തിന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹം തന്നെ വിശദികരിക്കട്ടെ”- എന്നായിരുന്നു ദിനേഷ് ഗുണ്ടു റാവു പറഞ്ഞത്.

ദേവഗൗഡ പറഞ്ഞതിനെ തള്ളി മുഖ്യമന്ത്രിയും മകനുമായ എച്ച്.ഡി കുമാരസ്വാമിയും രംഗത്തെത്തി. ‘ ഇടക്കാല തെരഞ്ഞെടുപ്പിനെ കുറിച്ചല്ല അദ്ദേഹം പറഞ്ഞതെന്നും പ്രാദേശിക തെരഞ്ഞെടുപ്പിനെ കുറിച്ചാണ് പറഞ്ഞതെന്നുമായിരുന്നു കുമാരസ്വാമിയുടെ വാദം. അടുത്ത നാല് വര്‍ഷവും കര്‍ണാടക കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം തന്നെ ഭരിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.