സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഇനിയും കൂടും

single-img
21 June 2019


സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. പവന് 320 വര്‍ധിച്ച് 25,440 രൂപയായി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3,180 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും വില കുത്തനെ വര്‍ധിച്ചു. വ്യാഴാഴ്ച മാത്രം 560 രൂപയാണ് പവന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഇരുപത്തിയയ്യായിരത്തിലേക്ക് സ്വര്‍ണ വില കടന്നു.

ഈ മാസം മൂന്നിന് പവന് 24,080 രൂപയും ഗ്രാമിന് 3,010 രൂപയുമായിരുന്നു വില. അന്നുമുതല്‍ ഇതിനകം പവനു കൂടിയത് 1,040 രൂപയാണ്. ഗ്രാമിന് 130 രൂപയും ഉയര്‍ന്നു. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടുത്തമാസം ചേരുന്ന ധനനയ നിര്‍ണയ യോഗത്തില്‍ പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളാണ് സ്വര്‍ണത്തിന് നേട്ടമാകുന്നത്.

പലിശനിരക്ക് കുറയുന്നത് അമേരിക്കന്‍ കടപ്പത്രം, ഡോളര്‍ എന്നിവയുടെ മൂല്യത്തകര്‍ച്ചയ്ക്ക് വഴിയൊരുക്കും. ഇതാണ്, നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നത്. അഞ്ചുവര്‍ഷത്തെ ഉയരമായ 1,394.11 ഡോളര്‍ വരെയെത്തി ഇന്നലെ രാജ്യാന്തര സ്വര്‍ണവില.

ഇന്നലെ വ്യാപാരാന്ത്യം 1,382.61 ഡോളറിലാണ് സ്വര്‍ണവില ഔണ്‍സിനുള്ളത്. എന്നാല്‍, വില ഈവാരം തന്നെ 1,400-1,450 ഡോളറില്‍ എത്തിയേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അങ്ങനെയെങ്കില്‍ കേരളത്തിലും വില വന്‍തോതില്‍ കൂടും. അമേരിക്ക-ചൈന വ്യാപാരയുദ്ധം, പശ്ചിമേഷ്യയിലെ യുദ്ധഭീതി, ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം എന്നിവയും സ്വര്‍ണ വിലക്കുതിപ്പിന് വളമാകുന്നുണ്ട്.