വവ്വാലുകളിൽ നിപാ വൈറസ് സാന്നിധ്യം; സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ

single-img
21 June 2019

വിദഗ്ദ പരിശോധനയില്‍ വവ്വാലുകളിൽ നിപാ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. ഇന്ന് ലോക്സഭയിൽ അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവർക്ക് നൽകിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമർശം.

കേന്ദ്ര വൈറോളജി സംഘം നേരത്തെ നിപ വൈറസിന്റെ ഉറവിടം തേടി തൊടുപുഴയിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കായി 36 സാമ്പിളുകള്‍ പരിശോധിച്ചെന്നും മന്ത്രി സഭയെ അറിയിച്ചു. വവ്വാലുകളെ പിടികൂടി സാമ്പിളുകൾ ശേഖരിച്ചായിരുന്നു പരിശോധന. നിപ രോഗം സ്ഥിരീകരിക്കപ്പെട്ട വിദ്യാർത്ഥിയുടെ കോളേജിനും താമസ സ്ഥലത്തിനും സമീപത്തെ വവ്വാൽ ആവാസ കേന്ദ്രങ്ങളിലായിരുന്നു പരിശോധന നടത്തിയത്. പൂനെയിലെ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വിദഗ്ധരെത്തിയായിരുന്നു പരിശോധന നടത്തിയത്.