ചേട്ടൻ അടിക്കുന്ന കള്ളനോട്ട് അനിയൻ വിതരണം ചെയ്യും: തൃശൂരിൽ കള്ളനോട്ടുകളുമായി സഹോദരങ്ങൾ പിടിയിൽ

single-img
21 June 2019

തൃശൂരിൽ കള്ളനോട്ടുകളുമായി സഹോദരങ്ങള്‍ സിറ്റി പൊലീസിന്റെ പിടിയിലായി. പുതിയ 2000, 500 രൂപ കറന്‍സികളുടെ കള്ളനോട്ടുകളുൾപ്പെടെടയാണ് പ്രതികളെ പിടികൂടിയത്. ആലപ്പുഴ വടുതല പള്ളിപ്പറമ്പില്‍ ബെന്നി ബര്‍ണാഡ്, സഹോദരന്‍ ജോണ്‍സണ്‍ ബെര്‍ണാഡ് എന്നിവരെയാണു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീം പിടികൂടിയത്.

Support Evartha to Save Independent journalism

തൃശൂരിലെ ചില കടകളിലും വാണിജ്യ സമുച്ചയങ്ങളിലും ഇവര്‍ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകള്‍ കൊടുത്തു സാധനങ്ങള്‍ വാങ്ങിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണു സഹോദരങ്ങള്‍ കുടുങ്ങിയത്. ഇവരിൽ നിന്നും 1.21 ലക്ഷം രൂപയുടെ കള്ളനോട്ടുകളും അച്ചടിക്കാന്‍ ഉപയോഗിച്ച വിദേശ നിര്‍മിത പ്രിൻ്ററും കണ്ടെടുത്തു.

കൊലപാതകക്കേസിലെ പ്രതിയായ ബെന്നി ബര്‍ണാഡ് ആണ് തൃശൂരിലെ വിവിധയിടങ്ങളില്‍ കള്ളനോട്ട് വിതരണം ചെയ്തത്. 2000 രൂപയുടെ ഒന്‍പതു കള്ളനോട്ടുകളുമായി ശക്തന്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് ഇയാള്‍ കുടുങ്ങിയത്. ചോദ്യം ചെയ്യലില്‍ നോട്ടുകള്‍ നിര്‍മിച്ചത് സഹോദരനാണെന്ന് ഇയാള്‍ സമ്മതിച്ചു. വടുതലയിലെ വീട് റെയ്ഡ് ചെയ്തപ്പോള്‍ വിതരണം ചെയ്യാന്‍ തയാറാക്കിവച്ച രണ്ടായിരത്തിന്റെ 45 നോട്ടുകളും അഞ്ഞൂറിന്റെ 26 നോട്ടുകളും 50 രൂപയുടെ ഒരു നോട്ടും കണ്ടെടുത്തു.

കള്ളനോട്ട് കേസുകളില്‍ പ്രതിയായ ചിലരെ നേരിട്ടുകണ്ട് നിര്‍മാണത്തിന്റെ സാങ്കേതിക വശങ്ങള്‍ മനസിലാക്കിയ ശേഷമായിരുന്നു ഇവരുടെ നോട്ടടി. ആലത്തൂരില്‍ 2005ല്‍ തിലകന്‍ എന്ന ലോട്ടറി കച്ചവടക്കാരനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് അറസ്റ്റിലായ ബെന്നി. രണ്ടു വന്‍കിട ലോട്ടറി കച്ചവടക്കാര്‍ തമ്മിലുള്ള ശത്രുതയുടെ പേരില്‍ ലഭിച്ച ക്വട്ടേഷന്‍ ഏറ്റെടുത്തായിരുന്നു കൊലപാതകം. അറസ്റ്റിലായ അനുജന്‍ ഓട്ടോ ഡ്രൈവറാണ്.

ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി ലക്ഷക്കണക്കിനു രൂപയുടെ കള്ളനോട്ട് ഇവര്‍ വിതരണം ചെയ്തിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ നല്ല നോട്ടുകള്‍ കൊടുത്താല്‍ രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ട് വിതരണം ചെയ്യുകയായിരുന്നു രീതി.