സിഒടി നസീർ വധശ്രമം: എഎന്‍ ഷംസീർ എംഎൽഎയുടെ മുൻ ഡ്രൈവർ അറസ്റ്റിൽ

single-img
21 June 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സിപിഎം വിമത സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സിഒടി നസീർ വധശ്രമക്കേസിൽ എ എൻ ഷംസീർ എംഎൽഎയുടെ മുൻ ഡ്രൈവർ രാജേഷിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നസീറിനെ വധിക്കാന്‍ ശ്രമിച്ചതില്‍ ഷംസീർ എംഎൽഎയ്ക്കും പങ്കുണ്ടെന്ന്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സിപിഎമ്മിന്‍റെ കണ്ണൂർ ഏരിയ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറി കൂടിയാണ് രാജേഷ്.

നിലവില്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ഇന്ന് ചുമതല ഒഴിയാനിരിക്കുകയായിരുന്നു. എന്നാല്‍ വാർത്ത വിവാദമായതോടെ തലശ്ശേരി സിഐയെയും എസ്ഐയെയും കണ്ണൂർ റേഞ്ച് ഐജി തൽസ്ഥാനത്ത് നിലനിർത്തി.

ആക്രമണത്തിലെ മുഖ്യ ആസൂത്രകനെന്ന് പോലീസ് സംശയിക്കുന്ന പൊട്ടിയം സന്തോഷിൽ നിന്നാണ് ഇയാളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചതെന്നാണ് സൂചന. വേറൊരു കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി രണ്ട് ദിവസം പിന്നിടുകയാണ്.

സന്തോഷിനെ ചോദ്യം ചെയ്തതിൽ നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. സിപിഎമ്മിന്‍റെ തലശ്ശേരി മുൻ ഏരിയാ സെക്രട്ടറിയുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് ഇയാളിൽ നിന്ന് പോലീസിന് കിട്ടിയത്.