ചെന്നൈയിലെ സ്‌കൂളുകള്‍ പൂട്ടി തുടങ്ങി; ജലക്ഷാമം അതിരൂക്ഷം

single-img
21 June 2019


”കുടിക്കാന്‍ വെള്ളമില്ല. കുളിക്കാനും വെള്ളമില്ല. പാത്രം കഴുകാനും അലക്കാനും വെള്ളമില്ല. ഞങ്ങള്‍ എവിടെ പോകും. എന്തിനിങ്ങനെ പരീക്ഷിക്കുന്നു. ഇനിയെങ്കിലും ഞങ്ങളോട് കനിയണമേ’ – ചെന്നൈ നിവാസികളുടെ മഴദൈവങ്ങേളോടുള്ള പ്രാര്‍ഥനയാണിത്.

തടാകങ്ങളും കിണറുകളും വറ്റിവരണ്ടു. എണ്ണൂറടി കുഴിച്ചാലും കുഴല്‍ക്കിണറുകളില്‍ വെള്ളം കിട്ടുന്നില്ല. ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്ന വെള്ളത്തിന് ദിവസങ്ങള്‍ കാത്തിരിക്കണം. ടാങ്കറുകളില്‍ നിറയ്ക്കാനും വെള്ളം കിട്ടാത്ത അവസ്ഥയാണ്. ചെന്നൈ നിവാസികള്‍ അടുത്ത കാലത്തൊന്നും ഇത്ര ദുരിതം അനുഭവിച്ചിട്ടില്ല.

2003-ല്‍ ചെന്നൈയില്‍ വരള്‍ച്ച ഉണ്ടായിരുന്നു. എന്നാല്‍ അതിനെക്കാള്‍ ഭയാനകമാണ് നിലവിലെ സ്ഥിതിയെന്നു നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒട്ടേറെ ഹോട്ടലുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ചിലതില്‍ ഉച്ചഭക്ഷണം ഒഴിവാക്കി. പല ഐ.ടി. സ്ഥാപനങ്ങളും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്യാന്‍ നിര്‍ദേശിച്ചു.

സ്‌കൂളുകളുടെ പ്രവൃത്തിസമയം വെട്ടിക്കുറച്ചു. ചില സ്‌കൂളുകളില്‍ പ്രവൃത്തിദിനം മൂന്നു ദിവസമാക്കി. സ്വകാര്യ സ്‌കൂളുകള്‍ പൂട്ടി തുടങ്ങി. ചെറിയ ക്ലാസുകളും നഴ്‌സറികളുമാണ് പൂട്ടുന്നത്. കെട്ടിടനിര്‍മാണ മേഖല സ്തംഭിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ വിഷമത്തിലാണ്. ഹോസ്റ്റലുകള്‍ പൂട്ടുന്നു.

മനുഷ്യരെ മാത്രമല്ല മിണ്ടാപ്രാണികളെയും ബാധിച്ചു വിപത്തുകള്‍. അമ്പത്തൂരിലെ പുതൂര്‍ താമരക്കുളത്തില്‍ വെള്ളമില്ലാതെ, ചൂടുതാങ്ങാനാവാതെ മീനുകള്‍ ചത്തുപൊങ്ങുകയാണ്. ഇവയെ ഭക്ഷിക്കാന്‍ കൂട്ടംകൂടിനില്‍ക്കുന്ന തെരുവു നായ്ക്കളാണ് ചുറ്റിലും.

അതേസമയം, ചെന്നൈയില്‍ ജലക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ചെന്നൈയില്‍ ഉച്ചയ്ക്ക് 12മണിക്കാണ് യോഗം. വരള്‍ച്ച നേരിടാന്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സഹായം തേടുന്നത് ഉള്‍പ്പടെ യോഗത്തില്‍ ചര്‍ച്ചയാകും.

തമിഴ്‌നാടിന് ട്രെയിന്‍മാര്‍ഗം ഇരുപത് ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്ന് കേരളം അറിയിച്ചിരുന്നു. ഇക്കാര്യത്തിലും തമിഴ്‌നാട് ഇന്ന് നിലപാട് വ്യക്തമാക്കും. വരള്‍ച്ച നേരിടാന്‍ കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതടക്കം യോഗത്തില്‍ ചര്‍ച്ചയാകും.