ക്ഷാമം ബാധിച്ച മഹാരാഷ്ട്രയിലെ കന്നുകാലികളുടെ തീറ്റയ്ക്കുള്ള ഫണ്ട് വെട്ടിച്ച് ബിജെപിയും ശിവസേനയും

single-img
21 June 2019

ക്ഷാമബാധിതമായ മഹാരാഷ്ട്രയിലെ കന്നുകാലികൾക്ക് തീറ്റയും സംരക്ഷണവും നൽകാനുള്ള ഫണ്ടിൽ ബിജെപി ശിവസേന നേതാക്കൾ തിരിമറി നടത്തിയതായി റിപ്പോർട്ട്. ഹഫിംഗ്ടൺ പോസ്റ്റ് എന്ന ഇംഗ്ലീഷ് വെബ് മാധ്യമമാണ് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നടക്കുന്ന ഈ അഴിമതി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദരിദ്രരായ കർഷകരുടെ കന്നുകാലികളെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ടിൽ ആണ് തിരിമറി നടത്തിയതായി ആരോപണമുള്ളത്. ഈ തിരിമറിയെ ചോദ്യം ചെയ്ത തദേശസ്വയം ഭരണ വകുപ്പിലെയും മറ്റും ഉദ്യോഗസ്ഥരുടെ ജീവനു ഭീഷണിയുള്ളതായും റിപ്പോർട്ടുണ്ട്.

ക്ഷാമം മൂലം ദാരിദ്ര്യമനുഭവിക്കുന്ന കർഷകർക്ക് തങ്ങളുടെ കന്നുകാലികളെ സംരക്ഷിക്കുന്നതിനുള്ള സൌകര്യം ഒരുക്കുന്നതിനായി സംസ്ഥാനത്തെ ക്ഷാമബാധിത പ്രദേശങ്ങളിൽ 1400-ലധികം കന്നുകാലി ഷെൽട്ടറുകളാണ് സർക്കാർ ഒരുക്കിയത്. ഇതിൽ 933 ക്യാമ്പുകളും അനുവദിച്ചത് ക്ഷാമം ഏറ്റവും കൂടുതൽ ബാധിച്ച ബീഡ് ജില്ലയിലായിരുന്നു. അനുവദിച്ച 933 ക്യാമ്പുകളിൽ 876 എണ്ണവും നിർമ്മിക്കുകയും ചെയ്തു. അതിൽ 545 ക്യാമ്പുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുമുണ്ട്.

ദിവസവും ഏകദേശം 3.5 ലക്ഷം കന്നുകാലികൾക്ക് തീറ്റ നൽകുന്നതായി അവകാശപ്പെടുന്ന ഈ ക്യാമ്പുകൾ നടത്തുന്നത് പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന എൻജിഒകളാണ്. വലിയ കന്നുകാലികൾക്ക് (പശു, എരുമ മുതലായവ) ഒരെണ്ണത്തിന് ദിവസം 15 കിലോഗ്രാം തീറ്റ നൽകുന്നതിന് 90 രൂപയും ചെറിയ കന്നുകാലികൾക്ക് (ആട്, മുതലായവ) ദിവസം 7കിലോഗ്രാം തീറ്റ നൽകുന്നതിന് 45രൂപയുമാണ് ഈ എൻജിഓകൾക്ക് സർക്കാരിൽ നിന്നും ലഭിക്കുന്നത്.

ബീഡ് ജില്ലയിലെ ബിജെപി പ്രാദേശിക നേതാവായ രാജേന്ദ്ര മഹ്സ്കെയും ശിവസേന ജില്ലാ അദ്ധ്യക്ഷനായ കുണ്ഡലിക് ഖണ്ഡെയും തങ്ങളുടെ നിയന്ത്രണത്തിലുള്ള ആളുകളെക്കൊണ്ട് നടത്തുന്ന എൻജിഒകൾക്കാണ് ഈ ഫണ്ട് മുഴുവൻ ലഭിക്കുന്നതെന്നും ഭൂരിഭാഗം ഷെൽട്ടറുകളിലും ഇല്ലാത്ത മൃഗങ്ങളുടെ പേരിൽ വൻതുകകൾ തട്ടിയെടുക്കുകയാണെന്നും ഹഫിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ബീഡ് താലൂക്കിലെ നിരവധി കന്നുകാലി ഷെൽട്ടറുകളിൽ ഇത്തരത്തിൽ രേഖകളിൽ മാത്രമുള്ള കന്നുകാലികൾക്കായി ഫണ്ട് അനുവദിക്കുന്നതായി ജില്ലാ കളക്ടർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. 16,000 -ലധികം കന്നുകാലികൾ രേഖകളിൽ മാത്രമാണുള്ളതെന്ന് കളക്ടർ കണ്ടെത്തി. കന്നുകാലികളുടേ വലിപ്പമനുസരിച്ച് 7.2 ലക്ഷം രൂപ മുതൽ 14.4 ലക്ഷം രൂപവരെയാണ് ഒരു ദിവസം ഇല്ലാത്ത കന്നുകാലികളുടേ പേരിൽ ഈ എൻജിഒകൾ തട്ടിയെടുക്കുന്നത്. ഈ തുക കൈക്കലാക്കുന്നത് ബിജെപി ശിവസേന നേതാക്കളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭൂരിഭാഗം എൻജിഒകളും പണം ചെലവഴിച്ച് നടത്തുന്നത് രാജേന്ദ്ര മഹ്സ്കെയും കുണ്ഡലിക് ഖണ്ഡെയും ചേർന്നാണ്. ഇവർക്ക് വേണ്ടി ഇത് നടത്തിക്കൊടുക്കുന്നത് മധ്യവർഗക്കാരായ കർഷകരും. എൻജിഒകൾക്ക് സർക്കാർ ഫണ്ട് അനുവദിക്കുമ്പോൾ അത് ഇവർക്ക് നൽകണമെന്നാണ് വ്യവസ്ഥ. കർഷകർക്ക് ഇതിനായി ചെറിയ കമ്മീഷൻ നൽകുകയും ചെയ്യും.

കന്നുകാലികൾക്കായുള്ള ക്യാമ്പുകളിൽ പരിശോധന നടത്താൻ നടത്തിപ്പുകാർ സമ്മതിക്കാത്ത ഒരു സാഹചര്യവുമുണ്ടായിരുന്നു. എന്നാൽ ജില്ല കളക്ടർ ഒരു ഡെപ്യൂട്ടി കളക്ടറേയും പൊലീസിനെയും അയച്ച് എല്ലാ ക്യാമ്പുകളിലും പരിശോധന നടത്തി.

18-ലധികം ക്യാമ്പുകളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. തുടർന്ന് ഈ ക്യാമ്പുകളിലെ ക്രമക്കേടുകൾക്ക് കൂട്ടുനിന്നതിന് ബീഡ് തെഹ്സിൽദാർ അവിനാശ് സിങതെയ്ക്കെതിരെ നടപടിയെടുക്കണമെന്നും ജില്ലാ കളക്ടർ ശുപാർശ ചെയ്തിട്ടുണ്ട്.