യുവതിക്കെതിരായ പീഡന ശ്രമം; കല്ലട ബസിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

single-img
20 June 2019

കല്ലട ബസിൽ യുവതിക്കെതിരെ നടന്ന പീഡന ശ്രമത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തിൽ ബസ് ഉടമയെ കമ്മീഷൻ ആസ്ഥാനത്ത് വിളിച്ചുവരുത്തി വിശദീകരണം തേടും.

Doante to evartha to support Independent journalism

ഇതോടൊപ്പം സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കല്ലട ബസ് എന്തെല്ലാം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കമ്മീഷൻ പരിശോധിക്കുമെന്നും എം സി ജോസഫൈൻ അറിയിച്ചു . യാത്രക്കിടയിൽ പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് പോലും ബസിലെ ജീവനക്കാർ സ്ത്രീകൾക്ക് ബസ് നിർത്തിക്കൊടുക്കുന്നില്ലെന്ന് പരാതികൾ കിട്ടിയിട്ടുണ്ട്. ഇതും വനിതാ കമ്മീഷന്‍ അന്വേഷിക്കും.

ബസില്‍ യാത്രക്കിടെ ബസ് ജീവനക്കാരൻ തന്നെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് ഗൗരവമായാണ് കാണുന്നതെന്നും കമ്മീഷൻ അറിയിച്ചു. യാത്രയ്ക്കായി മംഗലാപുരത്ത് നിന്ന് കയറിയ യുവതി ഉറക്കത്തിനിടയില്‍ ആരോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബഹളം വയ്ക്കുകയായിരുന്നു. കൊല്ലത്തേക്കുള്ള ബസ് കോഴിക്കോട് എത്തിയപ്പോഴായിരുന്നു യുവതിയ്ക്ക് ദുരനുഭവം ഉണ്ടായത്.