‘അവള്‍ എന്താണോ ചെയ്യുന്നത് അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കൂ; അത് തെളിയിക്കാന്‍ സാധിക്കുമെങ്കില്‍ എന്നെ ശിക്ഷിക്കാം അറസ്റ്റ് ചെയ്യാം ജയിലിലിടാം അത്ര തന്നെ’: നടന്‍ വിനായകന്‍

single-img
20 June 2019

യുവതിയോട് ഫോണില്‍ ലൈംഗികച്ചുവയോടെ സംസാരിച്ചു എന്ന ആരോപണം നിഷേധിച്ച് നടന്‍ വിനായകന്‍. ‘എനിക്ക് ഒന്നും പറയാനില്ല. അവള്‍ എന്താണോ ചെയ്യുന്നത് അത് പൂര്‍ത്തിയാക്കാന്‍ അവളെ അനുവദിക്കൂ. എനിക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയില്ല. എന്നെ വിളിക്കുന്നവരുടെ കോളുകള്‍ ഞാന്‍ റെക്കോര്‍ഡ് ചെയ്യാറില്ല. ഇതെന്നെ സംബന്ധിച്ചതാണെന്ന് എനിക്ക് തോന്നുന്നേ ഇല്ല. അവരുടെ കയ്യില്‍ തെളിവുണ്ടെങ്കില്‍ ഞാനാണ് അത് ചെയ്തതെന്ന് അവര്‍ക്ക് അത് തെളിയിക്കാന്‍ സാധിക്കുമെങ്കില്‍, എന്നെ ശിക്ഷിക്കാം, അറസ്റ്റ് ചെയ്യാം ജയിലിലിടാം. അത്ര തന്നെ,’ വിനായകന്‍ പറഞ്ഞു.

ഫോണിലൂടെ നടന്‍ വിനായകന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ കല്‍പ്പറ്റ പോലീസ് നേരത്തെ കേസെടുത്തിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിനായകനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം ശക്തമാകുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം ടൈം ഓഫ് ഇന്ത്യയ്ക്ക് പ്രതികരണം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ വയനാട്ടില്‍ ദളിത് പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പിലേക്ക് ക്ഷണിക്കുന്നതിനാണ് വിനായകനെ വിളിച്ചതെന്നാണ് യുവതി വ്യക്തമാക്കിയിരിക്കുന്നത്. വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ ലൈഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സ്ത്രീയോട് മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്. ഐപിസി 509, 294 ബി, കെപിഎ 120 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

യുവതിയുടെ വീട്ടിലെത്തി പോലീസ് മൊഴിയും രേഖപ്പെടുത്തി. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ വിനായകന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതി മൊഴി നല്‍കിയത്. ഇതിന്റെ ഫോണ്‍ രേഖകളും തെളിവായി നല്‍കി. ഫോണ്‍ സംഭാഷണത്തിന്റെ കൂടുതല്‍ തെളിവുകള്‍ സൈബര്‍സെല്‍ വഴി ശേഖരിക്കുന്നുണ്ട്. വിനായകനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെകുറിച്ച് യുവതി ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.