തിരുവനന്തപുരത്ത് 17കാരനെ ലൈംഗികമായി പീഡിപ്പിച്ച 45കാരിക്കെതിരെ പോക്‌സോ ചുമത്തി; രണ്ട് വര്‍ഷമായി യുവതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് 17കാരന്റെ മൊഴി

single-img
20 June 2019

തിരുവനന്തപുരത്ത് 17കാരനെ ലൈംഗികമായി പീഡിപ്പിച്ച 45കാരിക്കെതിരെ പോക്‌സോ ചുമത്തി. തിരുവനന്തപുരം പൊഴിയൂരിലാണ് സംഭവം. അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് 17കാരന്‍ ലൈംഗിക പീഡനം വെളിപ്പെടുത്തിയത്.

17കാരനെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കി. കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പോക്‌സോ പ്രകാരം 3,4,5 വകുപ്പുകള്‍ സ്ത്രീക്കെതിരെ ചുമത്തിയതായി പൊഴിയൂര്‍ പൊലീസ് അറിയിച്ചു. കുട്ടിയുടെ അമ്മവഴിയുള്ള ബന്ധുവാണ് കേസിലെ പ്രതി.

കഴിഞ്ഞ രണ്ട് വര്‍ഷമായി യുവതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് 17കാരന്‍ മൊഴി നല്‍കി. രണ്ട് വര്‍ഷം മുമ്പ് കുട്ടി ഇവരുടെ വീട്ടില്‍ അവധിക്കാലത്ത് വിരുന്നിന് പോയ സമയത്താണ് ബന്ധം ആരംഭിക്കുന്നത്. പിന്നീട് ക്ലാസ് ഒഴിവാക്കി 17കാരന്‍ ഇവരുടെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങി.

ഇവരുടെ വീട്ടില്‍നിന്ന് സ്‌കൂളില്‍ പോകാമെന്ന കുട്ടിയുടെ ആവശ്യം മാതാപിതാക്കള്‍ നിരാകരിച്ചതോടെ 17കാരന്റെ സ്വഭാവത്തില്‍ വ്യത്യാസം വന്നു തുടങ്ങി. നിസാര കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുകയും ടിവി എറിഞ്ഞുടക്കുയും ചെയ്തു. ഒരിക്കല്‍ അച്ഛനെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ സമീപിച്ചത്.