പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി മൊബൈലില്‍ കളിച്ചതല്ല; കടുപ്പമേറിയ വാക്കുകളുടെ അർത്ഥം തിരയുകയായിരുന്നു; വിശദീകരണവുമായി കോൺഗ്രസ്

single-img
20 June 2019

രാഷ്ട്രപതി രാംനാഥ് കോവിന്ദ് സഭയെ അഭിസംബോധന ചെയ്ത്പ്രസംഗിക്കുന്ന സമയത്ത് രാഹുൽ ഗാന്ധി മൊബൈൽ ഉപയോഗിച്ചത് വൻ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കോൺഗ്രസ് രംഗത്ത്. ഇരുസഭകളുടെയും സംയുക്ത യോഗത്തില്‍ രാഹുൽ മൊബൈൽ ഉപയോഗിച്ചത് കടുപ്പമേറിയ ചില വാക്കുകളുടെ അർത്ഥം തിരയാനാണെന്നാണ് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശർമ്മ വ്യക്തമാക്കിയിരിക്കുന്നത്.

“രാഹുല്‍ അദ്ദേഹത്തിന് ആവശ്യമായതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവയില്‍ ചില ചോദ്യങ്ങളുണ്ടായിരുന്നു. ഇതിലെ ചില വാക്കുകൾ വ്യക്തമായി കേട്ടില്ല. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു ബഹുമാനക്കുറവും ഉണ്ടായിട്ടില്ല. സഭയിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചാൽ ബിജെപി അംഗങ്ങളിൽ പകുതി പേരും പരസ്പരം സംസാരിക്കുന്നത് കാണാം,” എന്നും അദ്ദേഹം ഡല്‍ഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രപതി സംസാരിക്കുന്നതിനിടെ രാഹുൽ ഗാന്ധി ഫോണിൽ സ്വൈപ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഉറിയില്‍ നടന്ന സർജിക്കൽ സ്ട്രൈക്കിനെ കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പരാമർശിച്ചപ്പോൾ സഭയിൽ സോണിയാ ഗാന്ധിയടക്കമുള്ള എംപിമാർ കൈയ്യടിച്ചെങ്കിലും രാഹുൽ ഗാന്ധി നിലത്തേക്ക് നോക്കി ഇരിക്കുകയേ ചെയ്തുള്ളൂ. തുടര്‍ന്ന് സോണിയ രാഹുലിനെ പലവട്ടം നോക്കിയെങ്കിലും രാഹുൽ ഗാന്ധിയിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല.