പാര്‍ലമെന്റില്‍ രാഷ്ട്രപതി പ്രസംഗിക്കുമ്പോള്‍ മൊബൈലില്‍ കളിച്ച് രാഹുല്‍ ഗാന്ധി; ഒടുവില്‍ കണ്ണുരുട്ടി പേടിപ്പിച്ച് സോണിയാ ഗാന്ധി

single-img
20 June 2019

Doante to evartha to support Independent journalism

പാര്‍ലമെന്റില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തുമ്പോള്‍ പ്രസംഗം ശ്രദ്ധിക്കാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഷ്ട്രപതിയുടെ ഒരു മണിക്കൂര്‍ പ്രസംഗത്തിന്റെ 24 മിനിറ്റോളം രാഹുല്‍ ഗാന്ധി ഫോണില്‍ സ്‌ക്രോള്‍ ചെയ്യുകയും ടൈപ്പ് ചെയ്യുകയുമായിരുന്നെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേള്‍വിക്കാരുടെ മുന്‍ നിരയിലിരുന്നുള്ള രാഹുലിന്റെ ശ്രദ്ധയില്ലായ്മ അവസാനിപ്പിക്കാന്‍ ഒടുവില്‍ സോണിയാ ഗാന്ധിക്ക് കണ്ണുരുട്ടേണ്ടി വന്നു എന്നാണ് വിവരം. പുതിയ ഇന്ത്യ ശ്രീനാരായണ ഗുരുവിന്റെ ആശയത്തിലൂടെ കെട്ടിപ്പടുക്കുമെന്ന് പറഞ്ഞ രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ പലപ്പോഴും പാര്‍ലമെന്റില്‍ കരഘോഷം മുഴങ്ങി.

എന്നാല്‍, അതിലൊന്നും രാഹുല്‍ ശ്രദ്ധിച്ചതേയില്ല. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ നേട്ടങ്ങളെക്കുറിച്ച് രാഷ്ട്രപതി പറഞ്ഞപ്പോഴും രാഹുല്‍ ശ്രദ്ധിച്ചതേയില്ല. ഉറി, ബലാക്കോട്ട് മിന്നലാക്രമണങ്ങളെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ സമീപത്തിരുന്ന സോണിയാ ഗാന്ധി പോലും അനുകൂലമായാണ് പ്രതികരിച്ചത്. അപ്പോഴും രാഹുലിന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായില്ല. ഇതിന് ശേഷമാണ് സോണിയാ ഗാന്ധി രൂക്ഷഭാവത്തില്‍ രാഹുലിനെ നോക്കിയത്.