റിലീസിനു തയ്യാറായി ‘ഓര്‍മയില്‍ ഒരു ശിശിരം’

single-img
20 June 2019

Support Evartha to Save Independent journalism

ദീപക് പറമ്പോല്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ഓര്‍മ്മയില്‍ ഒരു ശിശിരം’ ജൂണ്‍ 28 ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ പതിനാറുകാരനായിട്ടാണ് ദീപക് അഭിനയിക്കുന്നത്. പരിശുദ്ധ പ്രണയത്തിന്റെയും, കുട്ടിക്കാലത്തെ സൗഹൃദങ്ങളുടെയും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ഇഴയടുപ്പത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.

നിഥിന്റെയും വര്‍ഷയുടെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ആര്യന്‍ ആണ്. നിഥിന്‍ എങ്ങനെയാണ് വര്‍ഷയെ കണ്ടെത്തുന്നതെന്നും സ്‌നേഹത്തിലാകുന്നതെന്നും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ദീപക് പറമ്പോല്‍ നിഥിന്‍ ആകുമ്പോള്‍ അനശ്വര പൊന്നമ്പത്ത് വര്‍ഷയായി അഭിനയിക്കുന്നു.

നേരത്തെ ചിത്രത്തിന്റെ ട്രെയിലറിനും, പാട്ടിനുമെല്ലാം നിറഞ്ഞ സ്വീകാര്യത ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ അഞ്ച് ലക്ഷത്തിലധികം ആളുകളാണ് ചിത്രത്തിന്റെ പാട്ടും ട്രെയിലറുമെല്ലാം കണ്ടത്. സ്‌കൂള്‍ കാലത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്നതായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍. പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.

മാക്‌ട്രോ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എല്‍ദോ മാത്യു, ജെയിംസ് സാം, എന്നിങ്ങനെ യുവനടന്‍മാരോടൊപ്പം ഇര്‍ഷാദ്, അശോകന്‍, മാല പാര്‍വതി, സുധീര്‍ കരമന, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിഷ്ണുരാജിന്റേതാണ് കഥ. അരുണ്‍ ജെയിംസ് ക്യാമറ ചലിപ്പിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം നല്‍കുന്നു.