വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് നീളും: കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം

single-img
20 June 2019

എം.എൽ.എമാർ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതിനെ തുടർന്ന് അവർ രാജിവച്ച നിയമസഭ മണ്ഡലങ്ങളിൽ അടുത്ത ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ വട്ടിയൂർക്കാവിൽ അനിശ്ചിതത്വം തുടരുന്നു. സിറ്റിംഗ് എം.ൽ.എയായിരുന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ വടകര മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വരുന്നത്.

എന്നാൽ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.മുരളീധരന്റെ വിജയത്തെ ചോദ്യം ചെയ്തുകൊണ്ട് ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച അന്നത്തെ എതിർ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ കോടതിയിൽ നൽകിയ ഹർജിയാണ് വട്ടിയൂർക്കാവിലെ ഉപതിരഞ്ഞെടുപ്പിനെ അനിശ്ചിതത്വത്തിലാക്കുന്നത്. കെ.മുരളീധരനെതിരെ നൽകിയ തിരഞ്ഞെടുപ്പ് കേസ് പിൻവലിക്കില്ലെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.

കെ.മുരളീധരൻ 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ രണ്ടരക്കോടി രൂപയുടെ ബാധ്യത മറച്ചുവെച്ചു എന്നാണ് കുമ്മനത്തിന്റെ പരാതി. കേസിൽ വിചാരണ നടത്തി സത്യം പുറത്തുവരണമെന്നാണ് കുമ്മനത്തിന്റെ നിലപാട്.

നേരത്തെ ഹൈക്കോടതിയിലാണ് കുമ്മനം ഹർജി നൽകിയിരുന്നതെങ്കിലും ഇതിനെതിരെ കെ. മുരളീധരൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിലവിൽ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതോടെ കെ. മുരളീധരൻ രാജിവെച്ച ഒഴിവിൽ വട്ടിയൂർക്കാവിൽ നടക്കേണ്ട ഉപതിരഞ്ഞെടുപ്പ് നീളുമെന്ന് തീർച്ചയായി