കൊച്ചിയില്‍ ഐഎസ് ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്; ജാഗ്രത, സുരക്ഷ ശക്തമാക്കി

single-img
20 June 2019

കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെ പ്രധാന സ്ഥാപനങ്ങള്‍ ആക്രമിക്കാന്‍ ഐഎസ് ഭീകരര്‍ ആസൂത്രണം നടത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഇന്റലിജന്‍സ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇതോടെ കൊച്ചി വിമാനത്താവളത്തില്‍ അടക്കം സുരക്ഷ ശക്തമാക്കി. യാത്രക്കാരെ കര്‍ശന പരിശോധനയ്ക്കു വിധേയരാക്കും.

ഇറാഖ്, സിറിയ തുടങ്ങിയ ശക്തികേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചടികള്‍ നേരിട്ടതോടെ ഐഎസ് ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ കണ്ണുവെച്ചിട്ടുണ്ടെന്നാണ് വിവരമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഎസില്‍ ചേര്‍ന്നിട്ടുള്ളവരെ അതാത് രാജ്യങ്ങളില്‍ തിരികെ എത്തിച്ച് ആക്രമണം നടത്തുകയെന്നതാണ് പുതിയ തന്ത്രമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കശ്മീര്‍ എന്നിവിടങ്ങളിലാണ് ഐഎസ് സാന്നിധ്യമുറപ്പിക്കുന്നത്. ടെലഗ്രാം മെസന്‍ജര്‍ വഴിയായിരുന്നു സന്ദേശങ്ങള്‍ കൈമാറിയിരുന്നത്. എന്നാല്‍ വിവരങ്ങള്‍ ചോരാന്‍ തുടങ്ങിയതോടെ ചാറ്റ് സെക്യുര്‍, സിങ്‌നല്‍ ആന്‍ഡ് സൈലന്റ് ടെക്സ്റ്റ് തുടങ്ങിയ ആപ്ലിക്കേഷന്‍ വഴിയാണ് ഇപ്പോള്‍ വിവരങ്ങള്‍ കൈമാറുന്നത്.

ഐഎസുമായി ബന്ധപ്പെട്ട സൈബര്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഇപ്പോള്‍ സജീവമാണ്. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണമുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ നിന്ന് നൂറോളം പേരാണ് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി രാജ്യം വിട്ടത്.

21 കൗണ്‍സിലിങ് സെന്ററിലായി നടത്തിയ നിരന്തരമായ കൗണ്‍സിലിങ്ങുകളിലൂടെ 3000 പേരെ ഭീകരവാദ ആശയങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനായെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. ഇവരില്‍ ഭൂരിഭാഗം ആളുകളും ഉത്തരകേരളത്തില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

250 പേര്‍ കൊല്ലപ്പെട്ട ശ്രീലങ്കന്‍ ഭീകരാക്രമണത്തിന് പിന്നാലെ കേരളത്തിലെ 30 പേര്‍ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന് പിന്നാലെ കേരളാ തീരത്ത് ജാഗ്രത വേണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.