കാമാഖ്യ ക്ഷേത്രത്തിനു സമീപം സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം: നരബലിയെന്ന് സംശയം

single-img
20 June 2019

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിലുള്ള കാമാഖ്യ ക്ഷേത്രത്തിനു സമീപം അജ്ഞാതയായ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. നരബലിയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

കാമാഖ്യ ക്ഷേത്രത്തിലേയ്ക്ക് കയറിപ്പോകുന്ന പടികളിലൊന്നിലാണ് മൃതദേഹം കാണപ്പെട്ടത്. ഒരു മൺവിളക്കും ഒരു കുടവും മൃതശരീരത്തിനടുത്തുനിന്നും കിട്ടിയതായി ഗുവാഹത്തി വെസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ കെ കെ ചൌധരി അറിയിച്ചു.

“പ്രഥദൃഷ്ട്യാ ഇതൊരു മതപരമായ ചടങ്ങ് നടത്തിയതുപോലെയാണ് കാണുന്നത്. നരബലിയാകാൻ സാധ്യതയുള്ളതിനാൽ ആ വീക്ഷണകോണിൽ നിന്നുകൊണ്ടുതന്നെയാണ് ഞങ്ങൾ അന്വേഷണം നടത്തുന്നത്. മൃതശരീരത്തിന്റെ തലയുമായി ആരെങ്കിലും എത്തിയത് കണ്ടോ എന്നന്വേഷിക്കാൻ എല്ലാ പ്രമുഖ ശ്മശാനങ്ങളിലേയ്ക്കും പൊലീസുകാരെ വിട്ടിട്ടുണ്ട്. കൊലപാതകിക്കായുള്ള തെരച്ചിൽ ആരംഭിച്ചു കഴിഞ്ഞു.”

ചൌധരി പറഞ്ഞു.

മൃഗബലി ആചാരമായി നടത്തപ്പെടുന്ന ക്ഷേത്രമാണ് കാമാഖ്യ. പൂക്കളും മൃഗങ്ങളുടെ രക്തവും മാംസവുമാണ് ഇവിടുത്തെ നിവേദ്യം. മിക്കവാറും എല്ലാ ദിവസവും ഇവിടെ പോത്തിനേയും ആടിനേയും ബലികൊടുക്കാറുണ്ട്. ഇവയുടെ ഇറച്ചിനിവേദ്യമായി ഭക്തർക്ക് നൽകുകയും ചെയ്യും.

കാമാഖ്യ ക്ഷേത്രത്തിലെ പ്രസിദ്ധമായ അംബുബച്ചി മേള ശനിയാഴ്ച്ച ആരംഭിക്കാനിരിക്കെയാണ് ഈ ക്ഷേത്രത്തിലേയ്ക്ക് പോകുന്ന വഴിയിൽ മൃതശരീരം കണ്ടെത്തിയത്. കാമാഖ്യാ ദേവിയുടെ ആർത്തവകാലമായാണ് അംബുബച്ചി മേള ആഘോഷിക്കുന്നത്.

ദക്ഷയാഗസമയത്ത് ജീവത്യാഗം ചെയ്ത സതീദേവിയുടെ ശരീരം മഹാവിഷ്ണുവിന്റെ സുദർശന ചക്രപ്രയോഗത്താൽ 108 കഷണങ്ങൾ ആയി ചിതറിയപ്പോൾ യോനീഭാഗം വീണ ഭാഗമാണ് നീലാചൽ മലയുടെ മുകളിലുള്ള കാമാഖ്യ ക്ഷേത്രമെന്നാണ് വിശ്വാസം. ഒരു ചെറിയ ഗുഹക്കുള്ളിലായി കൽഫലകത്തിൽ കൊത്തിവച്ചിരിക്കുന്ന സതീദേവിയുടെ യോനിയാണ് കാമാഖ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠ.