കല്ലടയുടെ ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു; ബസുകള്‍ക്ക് നേരേ കല്ലേറ്: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി

single-img
20 June 2019

തമിഴ്‌നാട് സ്വദേശിയായ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കല്ലട ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ബസിലെ രണ്ടാം ഡ്രൈവര്‍ കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്‍സണ്‍ ജോസഫി (39)ന്റെ ലൈസന്‍സ് ആണ് റദ്ദാക്കുക. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ബസ് ഡ്രൈവര്‍ക്ക് ഏത് ആര്‍.ടി.ഒ ആണ് ലൈസന്‍സ് നല്‍കിയിട്ടുള്ളതെന്ന് പരിശോധിച്ച് വരികയാണ്. കേരളത്തില്‍ നിന്നാണ് ലൈസന്‍സ് ലഭിച്ചതെങ്കില്‍ നടപടി സ്വീകരിക്കും. ബസ് അരുണാചലില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ കേരള സര്‍ക്കാറിന് നടപടി സ്വീകരിക്കാനാവില്ല. ഇത്തരം പ്രര്‍ത്തനത്തിലൂടെ കല്ലട ബസ് കുപ്രസിദ്ധി നേടി കൊണ്ടിരിക്കുകയാണെന്നും മന്ത്രി ശശീന്ദ്രന്‍ വ്യക്തമാക്കി.

അതിനിടെ, തിരുവനന്തപുരത്തെ കല്ലട ഓഫീസിലേക്ക് ഡി.വൈ.എഫ്.യുടെ പ്രതിഷേധ മാര്‍ച്ച്. കല്ലട ഓഫീസ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഓഫീസിന് നേരെയും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ചില ബസുകള്‍ക്ക് നേരേയും പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ ഓഫീസിന്റെയും ബസുകളുടെയും ചില്ലുകള്‍ തകര്‍ന്നു. പ്രകടനമായെത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇപ്പോഴും കല്ലട ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

ഇന്ന് പുലര്‍ച്ചെ 1.30നാണ് തമിഴ്‌നാട് സ്വദേശിയായ യാത്രക്കാരിക്ക് ബസ് ജീവനക്കാരനില്‍ നിന്ന് പീഡന ശ്രമമുണ്ടായത്. കര്‍ണാടകയിലെ മണിപ്പാലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയെ രാമനാട്ടുകര കഴിഞ്ഞ് കാക്കഞ്ചേരി എത്തിയപ്പോള്‍ പ്രതി കടന്നു പിടിക്കുകയായിരുന്നു. ഉടന്‍ യുവതി ബഹളം വെച്ചു.

യാത്രക്കാരാണ് ബസ് ജീവനക്കാരനെ പിടിച്ച് തേഞ്ഞിപ്പലം പൊലീസില്‍ ഏല്‍പ്പിച്ചത്. ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് മലപ്പുറം എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.