ടിഡിപിയില്‍ നിന്നും നാല് രാജ്യസഭാ എംപിമാർ ബിജെപിയിലേക്ക്; രാജ്യസഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നീക്കങ്ങളുമായി ബിജെപി

single-img
20 June 2019

ചന്ദ്രബാബു നായിഡുവിന് തിരിച്ചടിയായി ടിഡിപിയില്‍ നിന്നും നാല് രാജ്യസഭാ എംപിമാർ ബിജെപിയിലേക്ക് പോകുകയാണെന്ന് പ്രഖ്യാപിച്ചു. ഇതോടൊപ്പം ഒരു രാജ്യസഭാ എംപി കൂടി രാജി സമർപ്പിച്ച് പാർട്ടി വിടുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ ചന്ദ്രബാബു നായിഡു ഇപ്പോൾ വിദേശത്ത് അവധിക്കാലം ആഘോഷിക്കുകയാണ്.

ടിഡിപിയുടെ രാജ്യസഭാ എംപിമാരായ വൈ എസ് ചൗധുരി, ടി ജി വെങ്കടേഷ്, സി എം രമേഷ് എന്നിവർ ഇന്ന് വൈകിട്ടാണ് രാജിക്കത്ത് രാജ്യസഭാ ചെയർമാനും വൈസ് പ്രസിഡന്‍റുമായ വെങ്കയ്യാ നായിഡുവിന് കൈമാറിയത്. രാജ്യസഭയില്‍ ടിഡിപിയ്ക്ക് നിലവിൽ ആറ് രാജ്യസഭാ എംപിമാരാണുള്ളത്.

ലോക്സഭയില്‍ കേവല ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയിൽ നിലവിൽ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് പാളയത്തിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുകയെന്നത് നിർണായകമാണ്. കഴിഞ്ഞ മന്ത്രിസഭയ്ക്ക് പാസാക്കാന്‍ കഴിയാതിരുന്ന മുത്തലാഖുൾപ്പടെ നിരവധി പ്രധാനപ്പെട്ട ബില്ലുകൾ പാർലമെന്‍റിൽ പാസ്സാക്കാൻ രണ്ട് സഭകളിലും കൃത്യമായ പിന്തുണ ബിജെപിക്ക് ആവശ്യമാണ്.

ടിഡിപിയില്‍ നിന്നും കാലുമാറല്‍ നാല് എംപിമാരുടെ ചുവടുമാറ്റത്തിൽ മാത്രം ഒതുങ്ങില്ലെന്നാണ് സൂചന. പാര്‍ട്ടിയുടെ മുതിർന്ന നേതാക്കളും മുൻ എംഎൽഎമാരും കാക്കിനടയിലെ ഒരു ഹോട്ടലിൽ രഹസ്യയോഗം ചേരുന്നുവെന്ന റിപ്പോർ‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഇവരും പാർട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.