ഗുജറാത്തിൽ ദളിതനായ ഡെപ്യൂട്ടി സർപ്പഞ്ചിനെ ഉയർന്ന ജാതിക്കാർ അടിച്ചുകൊന്നു

single-img
20 June 2019

അഹമ്മദാബാദ്: ദളിതനായ ഡെപ്യൂട്ടി സർപ്പഞ്ചിനെ (പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ഉയർന്ന ജാതിക്കാർ ചേർന്ന് അടിച്ചുകൊന്നതായി റിപ്പോർട്ട്. ഗുജറാത്തിലെ ബോടാദ് ജില്ലയിലെ രൺപൂർ താലൂക്കിലുള്ള ജലില ഗ്രാമത്തിൽ ഇന്നലെയാണ് സംഭവമുണ്ടായത്.

Doante to evartha to support Independent journalism

ഗ്രാമത്തിലെ ഡെപ്യൂട്ടി സർപ്പഞ്ച് ആയ മാഞ്ജി സോളങ്കിയെയാണ് ഒരു കൂട്ടം ആളുകൾ ചേർന്ന് കൊലപ്പെടുത്തിയത്. മോട്ടോർ സൈക്കിളിൽ പോകുകയായിരുന്ന മാഞ്ജിയെ കാർ കൊണ്ട് ഇടിച്ചിട്ട ശേഷം ഇരുമ്പു വടികളും പൈപ്പുകളും ഉപയോഗിച്ച് അടിക്കുകയായിരുന്നുവെന്ന് മാഞ്ജിയുടെ മകനായ തുഷാർ സോളങ്കി മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മാഞ്ജി അഹമ്മാദാബാദിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരണത്തിനു കീഴടങ്ങിയത്.

തനിക്ക് വധഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും കാണിച്ച് മാഞ്ജി പൊലീസിൽ പരാതിനൽകിയിരുന്നു. എന്നാൽ രണ്ടാഴ്ച്ചയായിട്ടും പരാതിയിന്മേൽ പൊലീസ് നടപടിയെടുക്കുകയോ സുരക്ഷ ഏർപ്പാടാക്കുകയോ ചെയ്തിരുന്നില്ല. സവർണ്ണ ജാതിയായ ക്ഷതിയ വിഭാഗത്തിൽപ്പെട്ടവരാണ് മാഞ്ജിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

ഇതിനു മുൻപ് നാലുതവണ മാഞ്ജിയെ ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പറയുന്നു. അവസാനം ആക്രമണം നടന്നത് കഴിഞ്ഞ വർഷം മാർച്ച് മാസത്തിലാണ്. അന്ന് ഇതേ ആക്രമണകാരികൾ അദ്ദേഹത്തെ അതിനു ശേഷം രണ്ടുമാസം പൊലീസ് അദ്ദേഹത്തിനു സംരക്ഷണംനൽകിയിരുന്നു. എന്നാൽ മേയ്മാസത്തിൽ വീണ്ടും സുരക്ഷ പിൻവലിക്കപ്പെട്ടു.

ഇരുപതുവർഷമായി തങ്ങളുടെ കുടുംബത്തിലും സമുദായത്തിലുമുള്ളവരാണ് ഗ്രാമത്തിലെ സർപ്പഞ്ച് ആകുന്നതെന്നും ഇത് പ്രദേശത്തെ സവർണ്ണ സമുദായക്കാരായ ദർബാർ രാജ്പുത്തുകൾക്ക് ഇഷ്ടമല്ലെന്നും മാഞ്ജിയുടെ മകൻ തുഷാർ ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തോട് പറഞ്ഞു. ദളിതർ സർപ്പഞ്ച് ആയി തെരെഞ്ഞെടുക്കപ്പെടുന്നു എന്ന വസ്തുത ഉൾക്കൊള്ളാൻ കഴിയാത്തതുകൊണ്ടാണ് ദർബാറുകൾ തങ്ങളെ പിന്തുടർന്ന് ആക്രമിക്കുന്നതെന്നും തുഷാർ പറഞ്ഞു. മാഞ്ജിയുടെ ഭാര്യയാണ് നിലവിൽ ഗ്രാമത്തിലെ സർപ്പഞ്ചി.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.