ദുബായില്‍ അമ്മയെ പീഡിപ്പിച്ചുകൊന്ന പ്രവാസി ദമ്പതികള്‍ പിടിയില്‍

single-img
20 June 2019

ദുബായില്‍ അമ്മയെ പീഡിപ്പിച്ചുകൊന്ന കേസില്‍ ഇരുപത്തിയൊന്‍പതുകാരനായ മകനെയും ഭാര്യയെയും അല്‍ ഖുസൈസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദമ്പതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ കോടതിയില്‍ ഹാജരാക്കി. മരിക്കും മുമ്പ് അമ്മയ്ക്ക് ക്രൂരമായ മര്‍ദനം ഏറ്റിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

എല്ലുകള്‍ക്കും വാരിയെല്ലുകള്‍ക്കും കാര്യമായി ക്ഷതമേറ്റിരുന്നു. ആന്തരിക രക്തസ്രാവവും ശരീരത്തിനേറ്റ പൊള്ളലുമാണ് മരണകാരണം. ഇരുകണ്ണുകളിലും മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ജൂലൈ 3 വരെ കേസിന്റെ വിചാരണ കോടതി നീട്ടി. അതുവരെ ദമ്പതികള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരും.

2018 ഒക്ടോബര്‍ 31–നാണ് അമ്മ മരിച്ചത്. അയല്‍ക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് എടുത്തത്. പരാതി നല്‍കിയ അയല്‍ക്കാരന്റെ ഭാര്യ ദമ്പതികളുടെ ഫ്‌ളാറ്റ് സന്ദര്‍ശിച്ചപ്പോള്‍ കുട്ടിയെ നോക്കുന്നതിനെ കുറിച്ചു മകന്റെ ഭാര്യ പരാതി പറഞ്ഞിരുന്നു.

ജോലിക്കു പോകുമ്പോള്‍ കുട്ടിയെ ശരിയായി പരിചരിക്കാത്തതിനാല്‍ കുട്ടിക്ക് അസുഖം വന്നെന്നായിരുന്നു പരാതി. മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ് മാതാവിനെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ വിവസ്ത്രയായി അയല്‍വാസി കണ്ടത്. ശരീരമാകെ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു.

ഉടന്‍ സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിച്ചു സ്ത്രീയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അശ്രദ്ധയും പട്ടിണിയും മൂലം ആരോഗ്യസ്ഥിതി വഷളായതിനാല്‍ സ്ത്രീ മരണത്തിനു കീഴടങ്ങുകയായിരുന്നു. മരിക്കുമ്പോള്‍ അമ്മയ്ക്ക് 29 കിലോ മാത്രമേ ഭാരം ഉണ്ടായിരുന്നുള്ളുവെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്.

2018 ജൂലൈ മുതല്‍ പീഡിപ്പിച്ചിരുന്നുവെന്നാണ് കരുതുന്നത്. മകളെ ശരിയായ രീതിയില്‍ പരിചരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പീഡനമെന്നാണ് പരാതിയില്‍ പറയുന്നത്.