ചെന്നൈയില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു

single-img
20 June 2019

സമീപ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയില്‍ ചെന്നൈ നഗരം പകച്ചുനില്‍ക്കുന്നു. മൂന്നു വര്‍ഷം തുടര്‍ച്ചയായി കാലവര്‍ഷം മാറിനില്‍ക്കുകയാണ്. പുഴകളും കുളങ്ങളും ഉള്‍പ്പെടെ മുഴുവന്‍ ജലാശയങ്ങളും വറ്റിവരണ്ടു. ഉള്‍ഗ്രാമങ്ങളില്‍ മൈലുകള്‍ നടന്നാണ് ജനം കുടിവെള്ളം ശേഖരിക്കുന്നത്.

ഇത് മുന്‍കൂട്ടികണ്ട് സംസ്ഥാന സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. പൊതുടാപ്പുകളിലും ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും ജനങ്ങള്‍ തിരക്കുകൂട്ടുന്നതുമൂലം സംഘര്‍ഷം പതിവുകാഴ്ചയാണ്.

സാമ്പത്തിക സ്വാധീനമുള്ളവര്‍ സ്വകാര്യ ഏജന്‍സികളുടെ ടാങ്കര്‍ ലോറി വെള്ളമാണ് വാങ്ങുന്നത്. 4000 ലിറ്റര്‍ വെള്ളത്തിന് 2500 3000 രൂപ നല്‍കണം. ചെന്നൈയില്‍ മെട്രോ വാട്ടര്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ രണ്ടാഴ്ചയില്‍ ഒരിക്കലാണ് ജലവിതരണം നടക്കുന്നത്. അതും ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം.

ജലക്ഷാമം രൂക്ഷമായതോടെ ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയാണ് മലയാളികള്‍. നിര്‍മ്മാണ മേഖലയും ചെറുകിട ഹോട്ടലുകളും അടച്ചതോടെ തൊഴില്‍ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് തൊഴിലാളികള്‍. ചെറുകിട ബിസിനസുകളുമായി ചെന്നൈയില്‍ വര്‍ഷങ്ങളായി തുടരുന്ന മലയാളികള്‍ തല്‍ക്കാലത്തേക്ക് നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ്.

സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും ശൗചാലയങ്ങളില്‍ വെളളമില്ല. കുളിക്കാനും തുണിയലക്കാനും പോലും വെള്ളമില്ലാത്തതിനേക്കാള്‍ ഭേദം നാട്ടിലേക്ക് മടങ്ങുന്നതാണെന്ന് ഇവര്‍ പറയുന്നു. നിര്‍മ്മാണ മേഖലയും ചെറുകിട ഹോട്ടലുകളും സ്തംഭനത്തിലായതോടെ ഇതരസംസ്ഥാന തൊഴിലാളികളും നാട്ടിലേക്ക് മടങ്ങിത്തുടങ്ങി.

ചെന്നൈയില്‍ തുടരണമെങ്കില്‍ ജോലി പോലും ഉപേക്ഷിച്ച് വെള്ളം ശേഖരിക്കണം. സ്വകാര്യ വാട്ടര്‍ ടാങ്കറുകള്‍ പരിമിതമായ അളവിലേ വെള്ളം നല്‍കുന്നൂള്ളൂ. നാല് സ്വകാര്യ സ്‌കൂളുകള്‍ തല്‍ക്കാലത്തേക്ക് അടച്ചു. ഭൂരിഭാഗം സ്‌കൂളുകളിലും പ്രവര്‍ത്തന സമയം ഉച്ച വരെയാക്കി ചുരുക്കി.

കുറച്ചു ദിവസങ്ങളായി വേനല്‍ കത്തിക്കയറുകയാണ്. ജലക്ഷാമം നേരിടുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് തമിഴ്‌നാട് തദ്ദേശമന്ത്രി എസ്.പി. വേലുമണി അറിയിച്ചു. പ്രതിസന്ധി തരണംചെയ്യുന്നതിന് 233.72 കോടി രൂപ പ്രത്യേകമായി അനുവദിച്ചു.

കൂടുതലായി 900 ലോറികളിറക്കി 9100 ട്രിപ്പുകളിലായി ജനവാസ മേഖലകളില്‍ ജലവിതരണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കാവേരി വാട്ടര്‍ അതോറിറ്റി തമിഴ്‌നാടിന് അര്‍ഹമായ വെള്ളം വിട്ടുകൊടുക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും കര്‍ണാടക പാലിച്ചിട്ടില്ല.