ഗുജറാത്ത് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ

single-img
20 June 2019
Photo: Sudheesh Sudhakaran |evartha

ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവുശിക്ഷ. ജാംനഗർ സെഷൻസ് കോടതിയാണ് 1990-ൽ നടന്ന കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സഞ്ജീവ് ഭട്ടിനു ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

1990 ഒക്ടോബർ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജംജോധ്പൂർ പട്ടണത്തിൽ നടന്ന ഒരു കലാപവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 150 പേരിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുകയായിരുന്നു. പ്രഭുദാസ് വൈഷ്ണാനി എന്നയാൾ പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു കേസ്. അന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ടായിരുന്ന സഞ്ജീവ് ഭട്ടിനെ 1996-ലാണ് കേസിൽ പ്രതി ചേർക്കുന്നത്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302-ആം വകുപ്പ് പ്രകാരം കൊലപാതകക്കുറ്റത്തിനാണ് ഭട്ടിനെ ജീവപര്യന്തം തടവിന് ജാംനഗർ സെഷൻസ് കോടതി വിധിച്ചത്.

http://www.evartha.in/2015/09/25/4565-7.html

ഗുജറാത്ത് കൂട്ടക്കൊലക്കേസിൽ നരേന്ദ്ര മോദിയ്ക്കെതിരെ പ്രത്യേക അന്വേഷണസംഘത്തിനു മൊഴിനൽകിയതിലൂടെ ദേശീയ ശ്രദ്ധ നേടിയ ഉദ്യോഗസ്ഥനായിരുന്നു ഭട്ട്.