ബിനോയ് കോടിയേരി മുങ്ങി; കണ്ടെത്താൻ സഹായിക്കണം എന്ന് കേരള പൊലീസിനോട് മുംബൈയിൽ നിന്നെത്തിയ അന്വേഷണ സംഘം

single-img
20 June 2019

ബിനോയ് കോടിയേരിയെ കണ്ടെത്താനാകാതെ മുംബൈ പൊലീസ്. ബിഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് ബിനോയിക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ബിനോയ് മുങ്ങിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഇയാളുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബിനോയിയെ കണ്ടെത്താൻ സഹായിക്കണം എന്ന് കേരള പൊലീസിനോട് മുംബൈയിൽ നിന്നെത്തിയ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയത്. ഇന്നലെ കണ്ണൂരിലെത്തിയ സംഘം എസ്പിയുമായി ചർച്ച ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു.  ബിനോയ്ക്ക് എതിരായ പരാതിയിൽ യുവതി നൽകിയിരുന്ന കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസം തേടിയാണ് മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തിയത്.

കേസന്വേഷണത്തിന്‍റെ ഭാഗമായി മൂന്ന് ദിവസത്തിനകം ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തേ ബിനോയ് കോടിയേരിക്ക് പൊലീസ് നോട്ടീസയച്ചിരുന്നു. പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴികളെടുക്കാനൊരുങ്ങുകയാണ് മുംബൈ പൊലീസ് ഇപ്പോൾ. അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ് ബിനോയ് കോടിയേരി എന്നാണ് സൂചന.

അതേസമയം യുവതിക്കെതിരെ ബിനോയ് നൽകിയ പരാതിയിൽ ഇപ്പോഴും കണ്ണൂർ റേഞ്ച് ഐജി തുടർനടപടി എടുത്തിട്ടില്ല. മുംബൈയിൽ നടന്ന സംഭവങ്ങളിൽ കേരളത്തിൽ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്‍പി, ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കേസ് വിവാദമായതോടെ നടപടികള്‍ തുടങ്ങാനാണ് നീക്കം.

വിവാഹ വാഗ്ദാനം നൽകി ബിനോയ് പീഡിപ്പിച്ചു എന്ന പരാതിയുമായി ദുബായിലെ ഒരു ഡാൻസ് ബാർ ജീവനക്കാരിയായിരുന്ന യുവതിയാണ്  രംഗത്തെത്തിയത്. ഈ ബന്ധത്തിൽ എട്ടു വയസുള്ള ഒരു കുട്ടിയുമുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ തുടക്കം മുതൽ തന്നെ ആരോപണങ്ങൾ തള്ളിയ ബിനോയ് തന്നെ ബ്ലാക്മെയിലിംഗ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ആരോപിച്ചത്. സിപിഎമ്മിനോ കോടിയേരി ബാലകൃഷ്ണനോ ബിനോയ് വിവാദത്തിൽ ഉത്തരവാദിത്തം ഇല്ലെന്ന് പറയുമ്പോഴും പാർട്ടിക്കുള്ളിലും വിഷയത്തിൽ അതൃപ്തിയുണ്ടെന്നാണ് സൂചന.