ബിനോയ് കോടിയേരിയും യുവതിയും ഒരുമിച്ച് താമസിച്ചതിന്റെ തെളിവ് ലഭിച്ചു

single-img
20 June 2019

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ ബിനോയിയെ കസ്റ്റഡിയിലെടുക്കുമെന്ന് മുംബൈ പൊലീസ്. ഇതിനായാണ് അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയതെന്നും ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയെന്നും കേരളത്തിലെത്തിയ മുംബൈ പൊലീസ് അറിയിച്ചു.

Doante to evartha to support Independent journalism

എന്നാല്‍ കണ്ണൂരിലെത്തിയ മുംബയ് പൊലീസിന് ബിനോയിയെ കണ്ടുപിടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ട് ഫോണുകളും സ്വിച്ച് ഓഫാക്കിയ ബിനോയി നിലവില്‍ ഒളിവിലാണെന്നാണ് സൂചന. ബിനോയിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് കേരള പൊലീസിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ഥലത്തുണ്ടെങ്കില്‍ ബിനോയ് കോടിയേരിയെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് തലശ്ശേരി തിരുവങ്ങാട്ടെ വീട്ടിലെത്തിയത്. ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള പരിശോധനകളിലേക്ക് പോകാമെന്ന് പൊലീസ് ബിനോയ് കോടിയേരിയുടെ കുടുംബത്തെ ധരിപ്പിച്ചു.

ഫോണ്‍ രേഖകള്‍ അടക്കമുള്ള തെളിവുകള്‍ ഉണ്ടെന്നും ബിനോയിയുടെ രണ്ട് വീടുകളിലുമെത്തി പൊലീസ് സംഘം കുടുംബത്തെ ബോധ്യപ്പെടുത്തി. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയത്. ബിനോയ് ഒളിച്ചുകളി തുടരുന്നതിനാല്‍ കടുത്ത നടപടികളിലേക്ക് മുംബൈ പൊലീസ് നീങ്ങിയേക്കും.

അതേസമയം ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ യുവതിയുടെ മൊഴി രേഖപ്പെടുത്തി. മുംബൈ ഒഷിവാര പൊലീസ് സ്‌റ്റേഷനില്‍ എത്തിയാണു യുവതി മൊഴി നല്‍കിയത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് യുവതി പോലീസ് സ്റ്റേഷനില്‍ എത്തിയത്. ബിനോയിയും യുവതിയും ഒരുമിച്ചു താമസിച്ചിരുന്നതായി വിവരം ലഭിച്ചുവെന്ന് പൊലീസ് പറഞ്ഞു.

ഫഌറ്റിലും ഹോട്ടലിലും ഇരുവരും ഒന്നിച്ചു താമസിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. യുവതിയില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. പത്തുദിവസത്തിനുളളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കുമെന്നും മുംബൈ പൊലീസ് അറിയിച്ചു. ബിനോയി കോടിയേരി യുവതിക്കെതിരെ നല്‍കിയ പരാതി തങ്ങളുടെ അന്വേഷണ പരിധിയില്‍ അല്ലെന്നും മുംബൈ പോലീസ് പ്രതികരിച്ചു.

അതിനിടെ, അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയുള്ളതിനാല്‍ ബിനോയി കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. ഇന്നലെ കണ്ണൂര്‍ എസ്പിയുമായി കൂടിക്കാഴ്ച നടത്തിയ മുംബൈ പൊലീസ് ബിനോയിയെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു.