രാത്രിയില്‍ മുറിയിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനെ മകൾ മഴു കൊണ്ട് വെട്ടിക്കൊന്നു

single-img
19 June 2019

രാത്രിയില്‍ മുറിയിലെത്തി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനെ മകൾ മഴു കൊണ്ട് വെട്ടിക്കൊന്നു. കഴിഞ്ഞ
തിങ്കളാഴ്ച രാത്രി ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ബാദ്കോട്ടിലായിരുന്നു 26 കാരിയായ മകള്‍ തന്റെ പിതാവിനെ വെട്ടിക്കൊന്നത്.

അടുത്തുനടന്ന ഒരു ചടങ്ങിൽ പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം യുവതി വീട്ടിലെത്തിയത്. ചടങ്ങിന് ശേഷം ഇവർ ഉറങ്ങിയപ്പോഴാണ് 51കാരനായ പിതാവ് മുറിക്കകത്തേക്ക് എത്തി യുവതിയുടെ മേലേക്ക് ചാടിവീണെന്നാണ് അയൽവാസിയുടെ മൊഴി. ഉടന്‍ തന്നെ ഞെട്ടിയുണർന്ന യുവതി എതിർക്കാൻ ശ്രമിച്ചെങ്കിലും പിതാവ് കൂടുതൽ ബലം പ്രയോഗിക്കുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ വീട്ടിൽ അച്ഛനും മകളും മാത്രമാണ് ഉണ്ടായിരുന്നതെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇയാൾ പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ബലപ്രയോഗത്തിനിടയിൽ വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന മഴു ഉപയോഗിച്ച് യുവതി അച്ഛനെ തുടർച്ചയായി വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ ബന്ധുക്കളും നാട്ടുകാരും ചോരയിൽ കുളിച്ച് കിടക്കുന്ന അച്ഛനെയാണ് കണ്ടത്. തുടര്‍ന്ന്‍ ബന്ധുക്കൾ ചോദിച്ചപ്പോഴാണ് അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കാര്യം മകൾ പറഞ്ഞത്.

വിവാഹിതയായ ഈ മകളെ റവന്യു പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിതാവ് ഇവരെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നോ എന്ന കാര്യത്തിലടക്കം വിശദമായ അന്വേഷണം നടക്കുകയാണ്. സംസ്ഥാന റവന്യു പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.